KOYILANDY DIARY.COM

The Perfect News Portal

കെപിസിസി വിലക്ക് ലംഘിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ കേരളീയം സെമിനാറിൽ

തിരുവനന്തപുരം: കെപിസിസി വിലക്ക് ലംഘിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ കേരളീയം സെമിനാറിൽ പങ്കെടുത്തു. കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചാണ്‌ സെമിനാറിൽ പങ്കെടുത്തത്‌. തന്നോട്‌ സെമിനാറിൽ പങ്കെടുക്കരുതെന്ന്‌ കെപിസിസി നേതൃത്വം ആവശ്യപ്പെട്ടതായി മണിശങ്കർ അയ്യർ പറഞ്ഞു.

കേരളീയത്തിൽ പങ്കെടുക്കരുതെന്ന് പാർട്ടി പറഞ്ഞിരുന്നെന്ന് മണിശങ്കർ അയ്യർ പ്രസംഗത്തിൽ പറഞ്ഞു. എന്നാൽ രാഷ്‌ട്രീയം പറയാനല്ല സെമിനാറിൽ പങ്കെടുക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. അധികാര വികേന്ദ്രീകരണം സംബന്ധിച്ച സെമിനാറിൽ ആണ് പങ്കെടുക്കുന്നത്‌. പഞ്ചായത്ത് രാജ് നിയമം നടപ്പിലാക്കിയത് രാജീവ് ഗാന്ധിയാണ്, രാജീവ് ഗാന്ധിക്കുള്ള സമർപ്പണമായിട്ടാണ് താൻ ഈ സെമിനാറിൽ പങ്കെടുക്കുന്നത്.

അതിദാരിദ്ര്യം തുടച്ച് നീക്കലാണ് പഞ്ചായത്തീരാജിന്റെ അടിസ്ഥാന ആശയം. പഞ്ചായത്തീരാജിന്റെ വിജയം കേരളത്തിന്റെ ജനങ്ങളുടേതാണ്. ഈ വിജയം കേരളത്തിലെ യുഡിഎഫിനും എൽഡിഎഫിനും ഒരുപോലെ അവകാശപ്പെട്ടതാണ്. അത് കോൺഗ്രസ് മനസിലാക്കുമെന്നും സെമിനാറിൽ പങ്കെടുത്തതിന് എതിരെ നടപടി ഉണ്ടാകില്ലെന്നും കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisements
Share news