കാട്ടിൽ കുടുങ്ങിയ യുവാവിനെ ആദിവാസികൾ രക്ഷപ്പെടുത്തി
കട്ടപ്പന: ഇടുക്കി വന്യജീവിസങ്കേതത്തിൽ കുടുങ്ങിയ യുവാവിനെ ആദിവാസികളും വനപാലകരും ചേർന്ന് രക്ഷപ്പെടുത്തി. കോഴിക്കോട് കല്ലായി ഫാത്തിമ മൻസിലിൽ ജാബീർ(30) ആണ് നാല് ദിവസത്തോളം കൊടുംവനത്തിൽ കുടുങ്ങിയത്. വീട്ടുകാരുമായി വഴക്കിട്ട് നാടുവിട്ട യുവാവ് ഞായറാഴ്ച കട്ടപ്പനയിലെത്തി. തിങ്കളാഴ്ച വൈകിട്ടോടെ കാൽവരിമൗണ്ടിലെത്തിയശേഷം ആരുടെയും ശ്രദ്ധയിൽപെടാതെ വനത്തിനുള്ളിലേക്ക് പോയി.

ഇതിനിടെ വഴിതെറ്റിയതോടെ യുവാവ് ഭക്ഷണം പോലുമില്ലാതെ പാറക്കെട്ടുകളിലും ജലാശയത്തിൻറെ തീരത്തുമായി ദിവസങ്ങൾ തള്ളിനീക്കി. ഇടുക്കി വാഴത്തോപ്പ് ഉമ്മൻചാണ്ടി കോളനിയിലെ താമസക്കാരായ വാഴമറ്റത്തിൽ രാജൻ, മക്കളായ സുധീഷ്, സുധി എന്നിവരടങ്ങുന്ന ആദിവാസി സംഘം വെള്ളി രാവിലെ പത്തോടെ വന്യജീവി സങ്കേതത്തിലുള്ള ഇരുട്ടുകാനത്തുനിന്നാണ് യുവാവിനെ കണ്ടെത്തിയത്.

ഇവർ ഇവിടെ തേൻ ശേഖരിക്കാനെത്തിയപ്പോൾ യുവാവ് പാറക്കെട്ടിൻറെ മുകളിലിരിക്കുകയായിരുന്നു. വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം ഭക്ഷണവും വെള്ളവും നൽകി. തുടർന്ന് വനപാലകരെ വിവരമറിയിച്ചു. വനപാലകർ ബോട്ടുമായി എത്തി യുവാവിനെ കയറ്റി. പകൽ ഒന്നരയോടെ അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തില്‍ എത്തിച്ച് കട്ടപ്പന സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ വനപാലകർക്ക് കൈമാറി. യുവാവിനെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. തുടർന്ന് വീട്ടുകാരെ വിവരമറിയിച്ചു. ഇവർ എത്തിയശേഷം ശനിയാഴ്ച രാവിലെ യുവാവിനെ കൈമാറും.

