കണ്ണിന് കുളിരണിയും കാഴ്ച.. സ്‌കൂള്‍ മുറ്റത്തെ തേന്മാവ് നിറയെ മത്തനും, എളവനും കക്കിരിയുമൊക്കെയാണ്
കൊയിലാണ്ടി: സ്‌കൂള്‍ മുറ്റത്തെ തേന്മാവ് നിറയെ മത്തനും എളവനും, ആരെയും അതിശയിപ്പിക്കും ഈ കാഴ്ച. കുറുവങ്ങാട് സൗത്ത് യൂ.പി സ്‌കൂളിലെ കുട്ടികളുടെ കൃഷിയാണ് കണ്ണിന് കുളിരണിയും കാഴ്ചയായത്. സ്‌കൂള്‍ മുറ്റത്തെ തേന്‍മാവിന്‍ കൊമ്പിലാണ് ഇപ്പോൾ മത്തനും, എളവനും, വെളളരിയും കക്കിരിയുമൊക്കെ തുങ്ങിയാടുന്നത്. കുട്ടികള്‍ നട്ടുനനച്ച് വളര്‍ത്തിയ എളവനും, മത്തനുമെല്ലാം വളളിപ്പടര്‍പ്പുകളായി പടര്‍ന്ന് കയറിയത് മാവിന്‍ കൊമ്പിലേക്കാണ്. മാവിന്‍മേല്‍ തൂങ്ങിയാടുന്ന എളവനും മത്തനുമെല്ലാം ആരെയും അതിശയിപ്പിക്കുന്ന കാഴ്ചയാണിപ്പോൾ.

സ്‌കൂള്‍ മൈതാനത്തിന്റെ ഓരത്ത് നിരനിരയായി നട്ടു വളര്‍ത്തിയ ആനകൊമ്പന്‍ ഇനത്തില്‍പ്പെട്ട വെണ്ടച്ചെടികളില്‍ നിറയെ വെണ്ടകളാണ്. എല്ലാ വിധ സഹായവും നല്‍കി ജൈവ കര്‍ഷകന്‍ ബാലകൃഷണനും കൂടെയുണ്ട്. കുട്ടികള്‍ക്ക് ഉച്ച ഭക്ഷണമൊരുക്കുന്നത് ഇവിടെ തന്നെ കൃഷി ചെയ്യുന്ന പച്ചക്കറി കൊണ്ടാണ്. വെണ്ടയെ കൂടാതെ പയര്‍, തക്കാളി, വഴുതിന എന്നിവയെല്ലാമുണ്ട്. സ്‌കൂളിന്റെ പിന്നാമ്പുറത്ത് പ്ലാസ്റ്റിക് നൂല്‍ കൊണ്ട് തീര്‍ത്ത പന്തല്‍ നിറയെ കയ്പയും പടവലവുമാണ്. കീടങ്ങളും പ്രാണികളും നശിപ്പിക്കാതിരിക്കാന്‍ പ്ലാസ്റ്റിക് കൂടു കൊണ്ട് കവചം തീര്‍ത്താണ് കൃഷി. കീട, പ്രാണി ശല്യത്തിനെതിരെ ജൈവ കെണിയും സ്ഥാപിച്ചിട്ടുണ്ട്.

സ്‌കൂള്‍ മാനേജര്‍ മുതിരവളപ്പില്‍ (പ്രശാന്തി) കുഞ്ഞിക്കണ്ണനും, പ്രധാനാധ്യാപിക സുലൈഖയും കൃഷിയ്ക്ക് പൂര്‍ണ്ണ പിന്തുണയായി കൂടെയുണ്ട്. കൃഷി ചെലവെല്ലാം വഹിച്ചത് മാനേജറാണ്. ജൈവ കര്‍ഷകന്‍ എളാട്ടേരി എരിയാരി മീത്തല്‍ ബാലകൃഷ്ണനാണ് കുട്ടികളുടെ കൃഷിയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നത്. എല്ലാ ദിവസവും അതി രാവിലെ തന്നെ ബാലകൃഷ്ണന്‍ സ്‌കൂളിലെത്തി നനയ്ക്കാനും വളമിടാനും കീടങ്ങളെ തുരത്താനും മുന്നിലുണ്ടാവും. തനി ജൈവീക രീതിയിലാണ് കൃഷി.

എല്ലുപൊടിയും, കോഴിക്കാഷ്ഠവും, പി ണ്ണാക്കും,കാലിവളവുമൊക്കെയാണ് വളമായി ഉപയോഗിക്കുന്നത്. അടുത്ത ആഴ്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടക്കും. കാനത്തില്‍ ജമീല എം.എല്‍.എ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, കൃഷി ഓഫീസര്‍ എന്നിവരെല്ലാം പങ്കെടുക്കും. അടുത്ത വേനല്‍ക്കാലത്തെ പച്ചക്കറി കൃഷിക്കാവശ്യമായ വിത്തുകളും ഇതോടൊപ്പം ശേഖരിക്കുന്നുണ്ടെന്ന് ബാലകൃഷ്ണണന്‍ പറഞ്ഞു. കൃഷി കാണാനെത്തുന്ന രക്ഷിതാക്കളും നാട്ടുകാരുമെല്ലാം വിത്തുകള്‍ ആവശ്യപ്പെടുന്നുണ്ട്.
