KOYILANDY DIARY.COM

The Perfect News Portal

കളമശേരി സ്‌ഫോടനം; ഉണർന്നുപ്രവർത്തിച്ച്‌ സർക്കാർ സംവിധാനങ്ങൾ

കളമശേരി: സ്‌ഫോടന വിവരം അറിഞ്ഞയുടൻ ഉണർന്നുപ്രവർത്തിച്ച്‌ സർക്കാർ സംവിധാനങ്ങൾ. അന്വേഷണത്തോടൊപ്പം പരിക്കേറ്റവർക്ക്‌ മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും മുൻഗണന നൽകി. മന്ത്രിമാരായ വീണാ ജോർജ്‌, പി രാജീവ്‌, വി എൻ വാസവൻ, ആർ ബിന്ദു, പി എ മുഹമ്മദ്‌ റിയാസ്‌, വി അബ്ദുറഹിമാൻ, പി പ്രസാദ്‌, കെ രാജൻ, ആൻറണി രാജു, കെ കൃഷ്‌ണൻകുട്ടി, ചീഫ്‌ സെക്രട്ടറി വി വേണു എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം സ്ഥലത്തെത്തി.

ഇവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും  മേൽനോട്ടം വഹിക്കുകയും ചെയ്‌തു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണത്തിന്‌ നടപടി സ്വീകരിച്ചെന്ന്‌ മന്ത്രിമാർ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന്‌ അഭ്യർത്ഥിച്ചു. മന്ത്രിമാർ സ്ഥിതിഗതികൾ നേരിട്ട്‌ മനസ്സിലാക്കി, കൺവൻഷനിൽ പങ്കെടുത്തവരോട്‌ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

 

പരിക്കേറ്റവർക്ക്‌ ആരോഗ്യവകുപ്പിൻറെ നേതൃത്വത്തിൽ വിദഗ്ധ ചികിത്സയ്ക്ക്‌ നടപടി സ്വീകരിച്ചു. എറണാകുളം കലക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു. പരിക്കേറ്റവരെ ആംബുലൻസുകളിൽ ആശുപത്രിയിലെത്തിച്ചു. സംഭവസ്ഥലത്ത്‌ കുടുങ്ങിയവരെ വീടുകളിൽ എത്തിക്കാൻ പ്രത്യേക വാഹന സൗകര്യം ഉറപ്പാക്കി. പൊലീസ്‌ അന്വേഷണം അതിവേഗത്തിലായിരുന്നു.

Advertisements

 

സംസ്ഥാന പൊലീസ്‌ മേധാവി ഷെയ്‌ഖ്‌ ദർവേഷ്‌ സാഹിബ്‌, എഡിജിപി അജിത്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉന്നത പൊലീസ്‌ സംഘം സ്ഥലത്തെത്തി. സിസിടിവി ദൃശ്യങ്ങൾ, ബോംബിൻറെ അവശിഷ്ടങ്ങൾ എന്നിവ ശേഖരിച്ചു. ഫോറൻസിക്‌–-ബോംബ്‌–-ഡോഗ്‌ സ്‌ക്വാഡുകളും പരിശോധന നടത്തി. അതോടൊപ്പം സംസ്ഥാന വ്യാപകമായി പൊലീസ്‌ തിരച്ചിൽ നടത്തി. റെയിൽവേ സ്‌റ്റേഷനുകൾ, ബസ്‌ സ്‌റ്റാൻഡുകൾ എന്നിവിടങ്ങളിൽ പ്രത്യേക പരിശോധനയുണ്ടായി.  എൻഐഎ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളും സ്ഥലത്തെത്തി.

Share news