മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ മാപ്പുപറഞ്ഞ് സുരേഷ് ഗോപി
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ മാപ്പുപറഞ്ഞ് സുരേഷ് ഗോപി. പല തവണ ഫോണില്‍ വിളിച്ച് മാപ്പുപറയാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ ഫോണ്‍ എടുത്തില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു മകളെപോലെയാണ് കണ്ടതെന്നും ഒരച്ഛനെപ്പോലെ മാപ്പുപറയുന്നുവെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

‘ആ പെണ്‍കുട്ടിക്ക് അത് മോശമായിട്ട് തോന്നിയാല്‍ ക്ഷമ പറയേണ്ടത് തന്നെയാണ്. പലതവണ സോറി പറയാന്‍ വിളിച്ചു. എന്നാല്‍ ഫോണ്‍ എടുത്തില്ല. നിയമനടപടി സ്വീകരിക്കുമെന്ന് പറയുമ്പോള്‍ ഞാന്‍ എന്തു പറയാനാ. മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ എൻറെ വഴി മുടക്കിയാണ് അവര്‍ നില്‍ക്കുന്നത്. സൈഡിലേക്ക് മാറ്റി പോകാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ചോദ്യം വന്നുകൊണ്ടിരിക്കുകയാണ്’ -സുരേഷ് ഗോപി പറഞ്ഞു.

‘മൂന്ന് പെണ്‍കുട്ടികളുടെ അച്ഛനാണ് ഞാന്‍. പൊതുസ്ഥലത്ത് ഞാന്‍ അങ്ങനെ പെരുമാറുമോ?. ഒരച്ഛന്‍ എന്ന നിലയില്‍ മാപ്പുപറയും. അങ്ങനെയുളള പെണ്‍കുട്ടികളെ മകളെപ്പോലെയാണ് കാണുന്നത്. അവര്‍ക്ക് അത് അപ്രിയമായി തോന്നിയാല്‍ മാപ്പുപറയുന്നു’-സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, സുരേഷ് ഗോപിയുടെ പ്രവൃത്തിയില്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്നും മറ്റ് ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയനും വ്യക്തമാക്കിയിരുന്നു. തൊഴില്‍ എടുക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നേരെയുള്ള അവഹേളനമാണിത്. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.

