എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണം നടത്തി
കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണം നടത്തി. സംസ്കാരിക പ്രവർത്തകനും പുരോഗമന കലാ സാഹിത്യ സംഘം മേഖല സെക്രട്ടറിയുമായ മധു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എൻ. എം. നാരായണൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. കവിതയിൽ സംഗീതവും സംഗീതത്തിൽ കവിതയും സമന്വയിപ്പിച്ച കേരളത്തിന്റെ ഓർഫ്യുസാണ് വയലാർ രാമവർമ യെന്ന് അദ്ദേഹം പറഞ്ഞു.

ഒരു വ്യാഴവട്ടക്കാലം കാവ്യ കലയിൽ സജീവമായി വ്യാപരിച് ഒരു നിയോഗം പോലെ ചലച്ചിത്ര ഗാനരചനയിലേക്ക് കടന്ന് വന്ന വയലാർ കേരളത്തിന്റെ ഓർഫ്യുസാണ്. കൈരളിയുടെ സംസ്കാരിക പൈതൃകത്തിന്റെ അംശമായി ഇന്നും വയലാർ ആസ്വാദക മനസ്സിൽ ഇടം നേടിയിരിക്കുന്നു. കർഷകന്റെ നെഞ്ചകം തുളച്ചു കയറിയ വെടിയുണ്ടായാൽ ചീറ്റിത്തെറിച്ച വയലാറിന്റെ മണ്ണും ചോരച്ചൂരുമാണ് വയലാർ എന്ന വിപ്ലവകവിക്ക് ഊർജമായതു. മണ്ണും മണ്ണിൽ വീണ വിത്തും വിയർപ്പും പച്ച മണ്ണിന്റെ മനുഷ്യത്വവുമാണ് വയലാറിന്റെ ചിന്തകളെ ചൂട് പിടിപ്പിച്ചത്.

വയലാറിന്റെ മരണമില്ലാത്ത ചലച്ചിത്ര ഗാനങ്ങളിൽ സാഗരത്തിന്റെ ഇരമ്പി മറിയലും അഗ്നിയുടെ ചൂടും മഞ്ഞു തുള്ളിയുടെ നൈർമല്യവും തെളിഞ്ഞു നിൽക്കുന്നുവെന്ന് അദ്ദേഹം കൂട്ടി ചേർത്തു. നൊമ്പരപ്പെടുന്ന ആത്മാവിനെ സ്നേഹിക്കാത്ത ഒരു തത്വ ശാസ്ത്രത്തോടും വയലാർ അനുകമ്പ കാണിച്ചില്ല. പ്രത്യയ ശാസ്ത്രത്തിന്റെ ഇരുമ്പ് മറ ഭേദിച്ചു സമരായുധമായ കരവാളൂ വിറ്റ് മണി പൊൻവീണ വാങ്ങിയ വയലാരിന്റേത് ഒരു പിൻമടക്കമായിരുന്നില്ല. ജീവിച്ചു മതിവരാത്ത നിമിഷത്തിൽ മരണത്തിന്റെ മടിയിൽ തല ചായ്ക്കാൻ വിധിക്കപ്പെട്ട വയലാർ അനശ്വരതയുടെ ശുക്ര നക്ഷത്രമായി സാംസ്‌കാരിക നഭസ്സിൽ ജ്വലിച്ചു കൊണ്ടേയിരിക്കും. അദ്ദേഹം പറഞ്ഞു.

കെ. എം. ബാലകൃഷ്ണൻ, ടി. ജയന്തി ടീച്ചർ, ഉഷ ബാലകൃഷ്ണൻ, ധനീഷ് കുന്നത്ത്, ടി. എം. ഷീജ എന്നിവർ സംസാരിച്ചു. തുടർന്ന് വയലാറിന്റെ കവിതകളും ഗാനങ്ങളും ചേർന്ന ഗാന സന്ധ്യ അരങ്ങേറി. ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ സ്വാഗതം പറഞ്ഞു.
