KOYILANDY DIARY.COM

The Perfect News Portal

കേരളത്തിന്റെ അഭിമാനമായി വളർന്ന കെൽട്രോൺ സുവർണജൂബിലി ആഘോഷിക്കുന്നു

കെൽട്രോൺ സുവർണജൂബിലി ആഘോഷിക്കുന്നു..  കേരളത്തിന്റെ അഭിമാനമായി വളർന്ന കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെൽട്രോൺ) 50 ആം വാർഷികം സംസ്ഥാന വ്യാപകമായി വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്. ഇലക്ട്രോണിക്സ് രംഗത്തെ ഇന്ത്യയിലെ ആദ്യ പൊതുമേഖലാ സംരംഭമായ കെൽട്രോൺ 1973 ലാണ് സ്ഥാപിതമാകുന്നത്. ഇലക്ട്രോണിക്സ് രംഗത്തെ കുലപതി കെ.പി.പി നമ്പ്യാർ സ്ഥാപിച്ച കെൽട്രോൺ ഇന്ന് വളർച്ചയുടെ പടവുകൾ ഒന്നൊന്നായി താണ്ടി വിജയപഥത്തിലേക്ക് കുതിക്കുകയാണ്.
ഒരുകാലത്ത് നമ്മുടെ നാട്ടിലെ ജനങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയ കെൽട്രോൺ റേഡിയോയും ടെലിവിഷനും മലയാളിയുടെ ഗൃഹാതുരത ഉണർത്തുന്ന ഓർമ്മകളാണ്. കാലത്തിന്റെ കുത്തൊഴുക്കിൽ പുത്തൻ സാങ്കേതികവിദ്യകൾ സ്വായത്തമാക്കി കെൽട്രോൺ അതിന്റെ പ്രയാണം തുടർന്നുകൊണ്ടേയിരിക്കുന്നു. ഐ.എസ്.ആർ.ഒ യുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കെൽട്രോൺ ചന്ദ്രയാൻ, സൂര്യപരിവേഷണ പേടകം (ആദിത്യ എൽ-1) തുടങ്ങിയ ബഹിരാകാശ പദ്ധതികൾക്ക് അനുബന്ധ ഇലക്ട്രോണിക് ഘടകങ്ങൾ നിർമ്മിച്ചു നൽകി പ്രശസ്തിയിലേക്ക് നടന്നു കയറുകയാണ്. 
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിൽ അധിഷ്ടിതമായ എ.ഐ ക്യാമറകൾ, ട്രാഫിക് സിഗ്നൽ ലൈറ്റുകൾ എന്നിവ ഗതാഗത രംഗത്തെ കെൽട്രോണിന്റെ സംഭാവനകളാണ്. ഇന്ത്യൻ നഗരങ്ങളിലെ ഗതാഗത സംവിധാനങ്ങൾ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് കെൽട്രോൺ സിഗ്നൽ ലൈറ്റുകളാണ്. മെഡിക്കൽ ഇലക്ട്രോണിക്സ് രംഗത്ത് പുതിയ കയ്യൊപ്പ് ചാർത്തിക്കൊണ്ട് കെൽട്രോൺ നിർമ്മിക്കുന്ന ‘’ ശ്രവൺ ’’ കേൾവി സഹായികൾ രാജ്യത്തുടനീളം വിതരണം ചെയ്തു വരുന്നു.
ശാസ്ത്രനേട്ടങ്ങളെ ജനങ്ങൾക്ക് ഗുണകരമായി മാറ്റുന്നതിൽ കെൽട്രോൺ വഹിക്കുന്ന പങ്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ലാപ്ടോപ്പുകൾ, പ്രതിരോധ മേഖലയിലേക്ക് വേണ്ടിയുള്ള വിവിധ ഉപകരണങ്ങൾ, മെഡിക്കൽ ഇലക്ട്രോണിക് ഡിവൈസായ ബേബി വാമർ, കെൽട്രോൺ  കപ്പാസിറ്ററുകൾ എന്നിവ ഏറെ പ്രശസ്തമാണ്. 2023 ഒക്ടോബർ 27 ന് രാവിലെ 10 മണിക്ക് കെൽട്രോൺ മൂടാടി യൂണിറ്റ് അങ്കണത്തിൽ കൊയിലാണ്ടി നിയോജകമണ്ഡലം എം.എൽ.എ കാനത്തിൽ ജമീല ആഘോഷപരിപാടികൾ ഓൺ ലൻ വഴി ഉദ്ഘാ ടനംചെയ്തു.
സ്ഥാപനത്തിന്റെ വളർച്ചയിൽ പങ്കുവഹിച്ച മുൻ ജീവനക്കാർ, അഭ്യുദയകാംക്ഷികൾ, വിശിഷ്ട വ്യക്തിത്വങ്ങൾ എന്നിവരെ ഈ ആഘോഷപരിപാടികളുടെ ഭാഗമായി കെല്‍ട്രോണ്‍ ചെയര്‍മാന്‍ നാരായണമൂര്‍ത്തി ആദരിക്കുകയും ചടങ്ങില്‍ മുഖ്യാധിതിയായി പങ്കെടുക്കുകയും ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സി.കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
ആർ. ഹേമചന്ദ്രൻ (എക്സി. ഡയറക്ടർ, കെൽട്രോൺ), ഷീജ പട്ടേരി (വൈസ്. പ്രസിഡന്റ്, മൂടാടി ഗ്രാമപഞ്ചായത്ത്), കെ. ജീവാനന്ദൻ മാസ്റ്റർ (ബ്ലോക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ)  ദിനേശൻ. ടി (പ്രസിഡന്റ്, സ്പറ്റൊ കോഴിക്കോട് മേഖല കമ്മിറ്റി), ആർ. സുനിൽ (കെല്‍ട്രോണ്‍ എംപ്ലോയീസ് അസോസിയേഷന്‍ ജന.സെക്രട്ടറി),  ജയപാലൻ (കെല്‍ട്രോണ്‍ എംപ്ലോയീസ് യൂണിയന്‍ കേന്ദ്രകമ്മിറ്റി അംഗം), അരുൺ കുമാർ, (കെല്‍ട്രോണ്‍ എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജന. സെക്രട്ടറി) എന്നിവർ ആശംസകൾ അറിയിച്ചു. കെൽട്രോൺ ലൈറ്റിംഗ് ഡിവിഷൻ മൂടാടി യൂണിറ്റ് ഹെഡ് സതീഷ് കുമാർ സ്വാഗതവും കെൽട്രോൺ ലൈറ്റിംഗ് ഡിവിഷൻ മൂടാടി യൂണിറ്റ് ഡെപ്യൂട്ടി മാനേജർ വിനേഷ്. കെ നന്ദിയും പറഞ്ഞു
Share news