KOYILANDY DIARY.COM

The Perfect News Portal

യുവ ശാസ്ത്രജ്ഞൻ അഭി എസ്. ദാസിന് നാളെ ജന്മനാട് ഹൃദ്യമായ സ്വീകരണമൊരുക്കും

കൊയിലാണ്ടി: രാജ്യത്തിൻ്റെ അഭിമാനമായ ചാന്ദ്രയാൻ – 3 ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച യുവ ശാസ്ത്രജ്ഞൻ അഭി എസ്. ദാസിന് നാളെ (28ന് ശനിയാഴ്ച) ജന്മനാട് ഹൃദ്യമായ സ്വീകരണമൊരുക്കും. കൊയിലാണ്ടി നഗരസഭ ഇ.എം.എസ്. ടൗൺഹാളിൽ വൈകീട്ട് 4 മണിക്കാണ് സ്വീകരണം ഒരുക്കുന്നത്. സപ്തംബർ 9ന് നടത്താനിരുന്ന സ്വീകരണ പരിപാടി നിപ ഭീതി കാരണം മാറ്റി വെക്കുകയായിരുന്നു. 

നഗരസഭ ചെയർപേഴ്സൺ കെ.പി. സുധയുടെ അദ്ധ്യക്ഷതയിൽ കാനത്തിൽ ജമീല എം.എൽ.എ, സ്വീകരണം ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം 3.30ന് കൊയിലാണ്ടി സ്റ്റേഡിയത്തിൽ നിന്ന് മുത്തുക്കുടയുടെയും പഞ്ചവാദ്യങ്ങളുടെയും, ബാൻ്റ് സംഘങ്ങളുടെയും അകമ്പടിയോടെ വൻ ഘോഷയാത്രയോടെ തുറന്ന വാഹനത്തിലായിരിക്കും അഭി എസ്. ദാസിനെ ടൌൺഹാളിലെ വേദിയിലേക്ക് ആനയിക്കുക.

സ്വീകരണം വിജയിപ്പിക്കുന്നതിനായി അഡ്വ. കെ. സത്യൻ ചെയർമാനായും സത്യനാഥൻ കൺവീനറായും, വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു  പ്രവർത്തിച്ചുവരികയാണ്. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളായ ആദിൽ കെ, അഭിലാഷ് മലയിൽ എന്നിവരെ ആദരിക്കും. ജന പ്രതിനിധകളും രാഷ്ട്രീയ സാമൂഹിക, സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങിലേക്ക് മുഴുവൻ ആളുകളെയും സ്വാഗതം ചെയ്യുന്നതായി സ്വാഗതസംഘം ചെയർമാൻ അഡ്വ. കെ. സത്യനും, കൺവീനർ പി.വി സത്യനാഥനും അഭ്യർത്ഥിച്ചു.

Advertisements
Share news