തെരഞ്ഞെടുപ്പിന് കോൺഗ്രസ് ഇതുവരെ സജ്ജമായിട്ടില്ല; കെ സുധാകരൻ
കണ്ണൂർ: ഗ്രൂപ്പും ജാതിയും മതവും പറഞ്ഞ് അടി തുടരുകയാണെന്നും തെരഞ്ഞെടുപ്പിന് കോൺഗ്രസ് ഇതുവരെ സജ്ജമായിട്ടില്ലെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ലോകസഭ തെരഞ്ഞെടുപ്പ് അടുത്തിട്ടും കോൺഗ്രസിലെ തമ്മിലടിക്ക് ശമനമില്ലെന്ന് കെ. സുധാകരൻ പറഞ്ഞു. കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിൻറെ ഏറ്റവും വലിയ ശാപം തമ്മിലടിയാണ്. ബ്ലോക്ക്, മണ്ഡലം പുനഃസംഘടനയെ തുടർന്ന് ഇത് രൂക്ഷമായിരിക്കുകയാണ്. പ്രശ്നം പറഞ്ഞുതീർക്കാൻ പറ്റുന്നില്ലെങ്കിൽ കർശന നടപടിയുണ്ടാവും. സൈബറിടങ്ങളിലും കോൺഗ്രസ് പരാജയമാണ്. പാർടി നേതാക്കളുടെ മുഖം വികൃതമാക്കാനും തേജോവധം ചെയ്യാനും അപകീർത്തിപ്പെടുത്താനുമാണ് നവ മാധ്യമങ്ങൾ ഉപയോഗിക്കുന്നത്. ഇത് അനുവദിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി.

