വയനാട് ചുരത്തിൽ ഗതാഗതക്കുരുക്ക്; മണിക്കൂറുകളായി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു
താമരശ്ശേരി: വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് അയവില്ല. മണിക്കൂറുകളായി ചുരത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. അവധിദിനമായതോടെ വാഹനങ്ങളുടെ എണ്ണം കൂടിയതാണ് ഗതാഗതക്കുരുക്കിന് കാരണം. ഞായറാഴ്ച രാവിലെ ആരംഭിച്ച തിരക്കാണ് തിങ്കളാഴ്ചയും തുടരുന്നത്. ഇതുകൂടാതെ എട്ടാം വളവില്‍ ചരക്കുലോറി കുടുങ്ങിയിരുന്നു. അഞ്ചുമണിക്കൂറിന് ശേഷമാണ് ചരക്കുലോറി മാറ്റാന്‍ കഴിഞ്ഞത്. ഇതും ഗതാഗതക്കുരുക്കിന് കാരണമായിരുന്നു.

അവധിദിവസങ്ങള്‍ ഒരുമിച്ചെത്തിയതോടെ കുടുംബത്തിനൊപ്പം വയനാട്ടിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും മൈസൂരുവില്‍ ദസറ കാണാനായും യാത്രതിരിച്ചവരും റോഡില്‍പ്പെട്ടു. വലിയ വാഹനങ്ങള്‍ക്ക് അവധി ദിവസങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. എന്നാല്‍, നേരത്തെതന്നെ ഇത്തരം തീരുമാനം ഉണ്ടായിരുന്നുവെന്നും ഇത് അവഗണിച്ചാണ് പോലീസ് വലിയ വാഹനങ്ങള്‍ കടത്തിവിട്ടതെന്നും കഴിഞ്ഞദിവസം ടി. സിദ്ദിഖ് എംഎല്‍എ ആരോപിച്ചിരുന്നു.

ചുരത്തിലെ അടിക്കടിയുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ചുരത്തിൻറെ നവീകരണവും പടിഞ്ഞാറത്തറ-പൂഴിത്തോട് പോലുള്ള ബദല്‍റോഡുകളും മാത്രമാണ് സാധ്യതയെന്ന് എംഎല്‍എ പറഞ്ഞു. ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും മന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തതാണ്. മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും ശ്രദ്ധയിൽ വിഷയം കൊണ്ടുവരുമെന്നും ടി. സിദ്ദിഖ് എംഎല്‍എ പറഞ്ഞു.

