ഇരിങ്ങൽ സർഗാലയക്ക് അന്താരാഷ്ട്ര ബഹുമതി
കോഴിക്കോട്: ഇരിങ്ങൽ സർഗാലയക്ക് അന്താരാഷ്ട്ര ബഹുമതി. ലോകത്തെ മികച്ച നൂറ് സുസ്ഥിര വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇരിങ്ങൽ സർഗാലയ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജ്. എസ്റ്റോണിയയിലെ ടാളിനിൽ നടന്ന ഗ്രീൻ ഡെസ്റ്റിനേഷൻ കോൺഫറൻസിലാണ് അവാർഡ് പ്രഖ്യാപനം. അഭിവൃദ്ധിപ്പെടുന്ന സമൂഹങ്ങൾ എന്ന വിഭാഗത്തിലാണ് പ്രവേശനം. ഇതോടെ ലോകത്തെ ഏറ്റവും ബൃഹത്തായ വിനോദസഞ്ചാര മേളയായ ഐടിബി ബെർലിൻറെ പുരസ്‌കാരത്തിന് മത്സരിക്കാനും സർഗാലയ യോഗ്യത നേടി.

കോവിഡ് കാലത്ത് കരകൗശല ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നവർക്കായി നടത്തിയ ഇടപെടലാണ് അംഗീകാരം നേടിയത്. സാമൂഹിക ശാക്തീകരണം, തൊഴിൽ, കാർഷിക മേഖലയിലെ ഇടപെടൽ എന്നിവയും അനുകരണീയമാണെന്ന് പ്രഖ്യാപനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരിൻറെ വിനോദസഞ്ചാരവകുപ്പിന് കീഴിലുള്ള സംരംഭമാണ് സർഗാലയ. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയാണ് പരിപാലിക്കുന്നത്.

സംസ്ഥാന സർക്കാരിൻറെ വിനോദ സഞ്ചാര വകുപ്പ് റീജണൽ ജോ. ഡയറക്ടർ ഡി ഗിരീഷ് കുമാർ, പിആർഡി ഡെപ്യൂട്ടി ഡയറക്ടർ കെ ടി ശേഖരൻ, ഡിടിപിസി സെക്രട്ടറി ഡോ. ടി നിഖിൽ ദാസ്, സർഗാലയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി പി ഭാസ്കരൻ, ടി കെ രാജേഷ്, എം ടി സുരേഷ് ബാബു, കെ കെ ശിവദാസൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
