അതിർത്തിയിൽ പാകിസ്താൻ വെടിവയ്പ്; രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റു
അതിർത്തിയിൽ പാകിസ്താൻ റേഞ്ചേഴ്സ് നടത്തിയ വെടിവയ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ അർണിയ സെക്ടറിലെ വിക്രം പോസ്റ്റിൽ ചൊവ്വാഴ്ച രാവിലെ 8.15 ഓടെയാണ് വെടിവെപ്പുണ്ടായത്. ഇഖ്ബാൽ, ഖന്നൂർ എന്നീ പാക് പോസ്റ്റിൽ നിന്നാണ് വെടിയുതിർത്തത്. ബിഎസ്‌എഫ് സൈനികരെ ലക്ഷ്യമിട്ട് സ്‌നൈപ്പർമാർ വെടിയുതിർക്കുകയായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യൻ പോസ്റ്റിന് സമീപം വൈദ്യുതീകരണ ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന സൈനികർക്കാണ് വെടിയേറ്റത്. യാതൊരു പ്രകോപനവുമില്ലാതെ പാക് റേഞ്ചേഴ്സ് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ബിഎസ്എഫ് ജവാന്മാർ തിരിച്ചടിച്ചതായും അതിർത്തി രക്ഷാ സേന അറിയിച്ചു. വെടിവയ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റതായും സൈനികർ ചികിത്സയിൽ കഴിയുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

