KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിക്കും; മന്ത്രി ഡോ. ആർ ബിന്ദു

കൊച്ചി: വയോജനങ്ങളുടെ ക്ഷേമത്തിനും പ്രശ്‌ന പരിഹാരങ്ങൾക്കുമായി സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. എറണാകുളം ജില്ലാ പഞ്ചായത്ത് നൈപുണ്യ നഗരം പദ്ധതി പഠിതാക്കളുടെ സംഗമവും സർട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ കാലത്താണ് നാം ജീവിക്കുന്നത്. ആധുനിക സാമൂഹ്യ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ഡിജിറ്റൽ സാങ്കേതികവിദ്യ. ആ നൂതന സാങ്കേതത്തെ കുറിച്ചുള്ള അറിവ് കാലത്തിൻറെ അനിവാര്യതയായി മാറി. ഈ സാഹചര്യത്തിൽ വയോജനങ്ങൾക്ക് ഡിജിറ്റൽ സാങ്കേതികവിദ്യയിൽ അറിവ് നൽകി പരിശീലിപ്പിക്കുന്ന എറണാകുളം ജില്ലാ പഞ്ചായത്തിൻറെ നൈപുണ്യ നഗരം പദ്ധതി ഏറെ കാലിക പ്രസക്തിയുള്ളതാണ്. ഇത്തരത്തിൽ ഒരു പദ്ധതി ആവിഷ്‌കരിച്ച ജില്ലാ പഞ്ചായത്തിനെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

ഈ പദ്ധതി വഴി ലഭിക്കുന്ന അറിവ് ജീവിതത്തെ പുതുക്കി പണിയാൻ  ഉപകരിക്കും. ലഭിച്ച അറിവുകൾ പരമാവധി പ്രയോജനപ്പെടുത്തി മറ്റുള്ളവരിലേക്ക് എത്തിക്കണം. ഓരോരുത്തരും സമൂഹ്യമാധ്യമങ്ങൾ ഉൾപ്പെടെ ഉപയോഗിക്കാൻ പ്രാപ്തരാകണമെന്നും മന്ത്രി പറഞ്ഞു. മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെടേണ്ടവരല്ല വയോജനങ്ങൾ. അവരെ ചേർത്തുനിർത്തുന്ന നയമാണ് സർക്കാരിനുള്ളത്. ഏറെ അനുഭവസമ്പത്തും പ്രായോഗിക അറിവുമുള്ള അവരുടെ വിലപ്പെട്ട സംഭാവനകൾ സാമൂഹ്യ പുനർനിർമ്മാണത്തിന് സഹായകരമാണ്.

Advertisements

 

വയോജന ക്ഷേമം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. വയോജനങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഓർമ്മ നഷ്ടപ്പെടൽ. അതിനൊരു പരിഹാരം എന്ന നിലയിൽ സംസ്ഥാനത്തുടനീളം മെമ്മറി ക്ലിനിക്കുകൾ സജ്ജമാക്കുകയാണ്. വയോമിത്രം, വയോജന പാർക്കുകൾ തുടങ്ങി മറ്റ് ഒട്ടനേകം പദ്ധതികളും യാഥാർത്ഥ്യമാക്കി വരുന്നു. ഈ പദ്ധതികളെ സംബന്ധിച്ചുള്ള പൂർണ്ണ വിവരങ്ങൾ  സാമൂഹ്യ നിതിവകുപ്പിൻറെ സുനീതി പോർട്ടലിൽ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

നൈപുണ്യ നഗരം പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് തുടർ പരിശീലനം ഉറപ്പാക്കുന്നതിനായി റിവൈവ് പദ്ധതിയുടെ ഭാഗമായി വയോമിത്രം കേന്ദ്രങ്ങൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്യുന്നതിൻറെ ഉദ്ഘാടനം മന്ത്രി വേദിയിൽ നിർവഹിച്ചു. നൈപുണ്യ നഗരം പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റും മന്ത്രി നൽകി. ജില്ലാ ആസൂത്രണ സമിതി തയ്യാറാക്കിയ പദ്ധതി പ്രകാരം എറണാകുളം ജില്ലാ പഞ്ചായത്ത് 2022-23 വർഷം ഐഎച്ച്ആർഡിയുടെയും കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസിൻറെയും സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് നൈപുണ്യ നഗരം.

വയോജനങ്ങൾക്ക് മൊബൈൽ, കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും ഓൺലൈൻ അപേക്ഷകൾ നൽകുന്നതിനും ഇ-ബാങ്കിംഗ് ഉൾപ്പെടെയുള്ള ഈ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും അറിവ് നൽകുന്ന പദ്ധതിയാണിത്. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ  ഉമ തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംപി മുഖ്യാതിഥിയായി. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ്, വൈസ് പ്രസിഡണ്ട് സനിത റഹീം,  ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി എ അരുൺകുമാർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം ജെ ജോമി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈനി ജോർജ്, എ എസ് അനിൽകുമാർ, മനോജ് മൂത്തേടൻ, കെ വി രവീന്ദ്രൻ, അനിമോൾ ബേബി, ഷാന്റി എബ്രഹാം, അഡ്വ. എം ബി ഷൈനി, ഷൈമി വർഗീസ്, ലിസി അലക്‌സ്, ഷാരോൺ പനയ്ക്കൽ, അഡ്വ. എൽസി ജോർജ്, ജില്ലാ പ്ലാനിങ് ഓഫീസർ പി എ ഫാത്തിമ, മോഡൽ ഫിനിഷിങ് സ്‌കൂൾ ഡെപ്യൂട്ടി ഡയറക്ടർ ജയ്‌മോൻ, കെഎഎസ്ഇ ജില്ലാ ഓഫീസർ മധു കെ ലെനിൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ. വിജയകുമാർ, ഫിനാൻസ് ഓഫീസർ ജോബി തോമസ്, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബീന രവികുമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

Share news