KOYILANDY DIARY.COM

The Perfect News Portal

അറബിക്കടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കുവാൻ സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കുവാൻ സാധ്യതയേറിയതിനാൽ സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴപെയ്യും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മറ്റ്  ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ ഓറഞ്ച് അലേർട്ടിനു സമാനമായ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വരുന്ന അഞ്ച് ദിവസം കൂടി വ്യാപക മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. അതിതീവ്രമഴയാണ് തിരുവനന്തപുരത്ത് ലഭിച്ചത്. കരമന, നെയ്യാർ, വാമനപുരം നദികളിൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തലസ്ഥാനത്ത് ഇനിയും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമം തുടരുകയാണ്. കഴക്കൂട്ടം, വെള്ളായണി, കുറ്റിച്ചൽ ഭാഗങ്ങളിലാണ് രൂക്ഷമായ വെള്ളക്കെട്ടുള്ളത്. ജില്ലയിൽ 27 ക്യാമ്പുകളിലായി 875 പേരെ മാറ്റി പാർപ്പിച്ചു.

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന്  മുന്നറിയിപ്പുണ്ട്. കർണ്ണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. 15.10.2023 മുതൽ 16.10.2023 വരെ: കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Advertisements
Share news