KOYILANDY DIARY.COM

The Perfect News Portal

വയനാട്‌ ആക്രമണം നടത്തിയ മാവോയിസ്‌റ്റുകൾക്കായി ഹെലികോപ്‌ടറിൽ തിരച്ചിൽ

മാനന്തവാടി: വയനാട്‌ കമ്പമലയിൽ ആക്രമണം നടത്തിയ മാവോയിസ്‌റ്റുകൾക്കായി  ഹെലികോപ്‌ടറിൽ പൊലീസിൻറെ തിരച്ചിൽ. വയനാട്‌, കണ്ണൂർ വനമേഖലകളിലും  കേരള–കർണാടക അതിർത്തിയിലുമാണ്‌ ചൊവ്വാഴ്‌ച ഒന്നര മണിക്കൂറോളം ആകാശ നിരീക്ഷണം നടത്തിയത്‌. മലപ്പുറം അരീക്കോട്ടുള്ള സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്‌ ഹെഡ്‌ ക്വാർട്ടേഴ്‌സിൽനിന്നാണ് ഹെലികോപ്‌ടർ കമ്പമല ഭാഗത്തേക്ക്‌ എത്തിയത്‌.

കമ്പമല, മക്കിമല, തലപ്പുഴ, തിരുനെല്ലി, പേര്യ, പടിഞ്ഞാറത്തറ കരിങ്കണ്ണികുന്ന്, കുഞ്ഞോം, കണ്ണൂർ ആറളം, കേരള– കർണാടക അതിർത്തി മേഖലയായ അമ്പലപ്പാറ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ബൈനോക്കുലറും മറ്റ്‌ ആധുനിക ഉപകരണങ്ങളും ഉപയോഗിച്ച്‌ നിരീക്ഷിച്ചു. മാവോയിസ്‌റ്റുകളുടെ സാന്നിധ്യം നേരത്തെ തിരിച്ചറിഞ്ഞ വനമേഖലകളുടെ വീഡിയോ ദൃശ്യങ്ങളെടുത്തു. ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടത്തി. പകൽ 12.15വരെ പരിശോധന തുടർന്നു.

 

 

ജില്ലാ പൊലീസ് മേധാവി പദംസിങ്, മാനന്തവാടി ഡിവൈഎസ്‌പി പി എൽ ഷൈജു, സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് അസി. കമാൻഡർ കെ എസ് അജിത്ത് തുടങ്ങിയവരാണ്‌ ഹെലികോപ്‌ടർ തിരച്ചിലിന്‌ ഉണ്ടായിരുന്നത്‌. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ്‌ വേഗത്തിൽ അവസാനിപ്പിച്ചത്‌. വരുംദിവസങ്ങളിലും ഹെലികോപ്‌ടർ നിരീക്ഷണം തുടർന്നേക്കും. കേരള പൊലീസിൻറെ വാടക ഹെലികോപ്‌ടർ തിങ്കളാഴ്‌ചയും ജില്ലയിൽ എത്തിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ തിരച്ചിൽ നടത്താനായില്ല. ജില്ല, സംസ്ഥാന അതിർത്തികളിൽ വാഹന പരിശോധന തുടരുന്നുണ്ട്‌.

Advertisements

 

Share news