ഹാജി പി കെ മൊയ്തു മെമ്മോറിയൽ എൽ പി സ്കൂൾ നൂറാം വാർഷികം: ലോഗോ പ്രകാശനം ചെയ്തു
മൂടാടി: പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് നൂറ് വർഷം തികയുന്ന മൂടാടിയിലെ ഹാജി പി കെ മൊയ്തു മെമ്മോറിയൽ എൽ പി സ്കൂളിന്റെ നൂറാം വാർഷിക ലോഗോ കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല പ്രകാശനം ചെയ്തു. വാർഡ് മെമ്പർ കെ. സുമതി അധ്യക്ഷതവഹിച്ചു. നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി കല, സാഹിത്യം, ശാസ്ത്രം, കായികം തുടങ്ങിയ മേഖലകളിൽ ബഹുജന പങ്കാളിത്തത്തോടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ വിദ്യാലയത്തിൽ നടന്നുവരുന്നു.

വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യത്തിലും സെഞ്ച്വറി ബിൽഡിംഗ്, ചിൽഡ്രൻസ് പാർക്ക് തുടങ്ങി സമഗ്രമായ ഒരു മാറ്റം തന്നെയാണ് മാനേജ്മെന്റും സ്കൂൾ വികസനസമിതി അംഗങ്ങളും ചേർന്ന് ആസൂത്രണം ചെയ്തിട്ടുള്ളത്. പ്രധാനാധ്യാപിക കെ. സീനത്ത്, പിടിഎ പ്രസിഡണ്ട് അനീഷ് ടി.എം, വൈസ് പ്രസിഡണ്ട് വഹീദ എം.സി, എംപിടിഎ പ്രസിഡണ്ട് ധന്യ ടി.കെ പൂർവ്വ വിദ്യാർത്ഥി വൈശാഖ് എ.കെ സയീദ് മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
