ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ഷീജ ആനന്ദിൻറെ ബന്ധുക്കളെ ജോൺ ബ്രിട്ടാസ് എം പി സന്ദർശിച്ചു
കണ്ണൂർ: ഇസ്രയേലിൽ ഹമാസ് നടത്തിയ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ കണ്ണൂർ വളക്കൈ സ്വദേശിനി ഷീജ ആനന്ദിൻറെ ബന്ധുക്കളെ ജോൺ ബ്രിട്ടാസ് എം പി സന്ദർശിച്ചു. വളക്കൈയിലെ വീട്ടിലെത്തി ഷീജയുടെ അമ്മയെയും സഹോദരിയെയും കണ്ട എംപി എല്ലാ സഹായങ്ങളും ഉറപ്പ് നൽകി.

ഇസ്രയേൽ സമയം ശനിയാഴ്‌ച ഉച്ചയ്‌ക്ക് 12 മണിയോടെ നടന്ന ആക്രമണത്തിലാണ് ഷീജയ്ക്ക് പരിക്ക് പറ്റിയത്. ഈ സമയം ഷീജ വീട്ടിലേക്ക് വിഡിയോ കോളിൽ സംസാരിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ പൊട്ടിത്തെറി നടന്നു. ഉടൻ ഫോൺ സംഭാഷണം നിലച്ചെന്നും പിന്നീട് ഷീജയെ ബന്ധപ്പെടാൻ സാധിച്ചില്ലെന്നും വീട്ടുകാർ പറഞ്ഞു.

ഷീജ ജോലിചെയ്യുന്ന വീട്ടിലെ ആളുകൾക്കും പരിക്കുണ്ട്. ഷീജക്ക് കാലിനാണ് പരിക്ക്. ഉടനെ ബെർസാലയിലെ ആശുപത്രിയിലേക്ക് മാറ്റി. വളക്കൈയിലെ രാജൻറെയും സരോജിനിയുടെയും മകളായ ഷീജ പയ്യാവൂർ സ്വദേശി ആനന്ദിന്റെ ഭാര്യയാണ്. ആവണിയും അനാമികയും മക്കളാണ്. സൗത്ത് ഇസ്രയേലിലെ അഷ്‌കിലോണിൽ ഏഴു വർഷമായി ജോലിചെയ്യുകയാണ് ഷീജ.

