KOYILANDY DIARY.COM

The Perfect News Portal

കേന്ദ്രസർക്കാറിൻറെ മാധ്യമ വേട്ടയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്

തിരുവനന്തപുരം: കേന്ദ്രസർക്കാറിൻറെ മാധ്യമ വേട്ടയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മാധ്യമങ്ങളെ സർക്കാർ ഭയപ്പെടുത്തി കീഴ്‌പെടുത്തുന്നു. എന്ത്‌ ജനാധിപത്യമാണ് ഇവിടെ നടക്കുന്നത്‌?. ഇപ്പോളുള്ള കേന്ദ്രസർക്കാർ വേട്ട മാധ്യമങ്ങളുടെയോ ഇടതുപക്ഷത്തിൻറയോ മാത്രം പ്രശ്‌നമല്ലെന്നും രാജ്യത്തിൻറ മൊത്തം പ്രശ്‌നമാണെന്നും സനോജ്‌ പറഞ്ഞു.

മാധ്യമപ്രവർത്തകരെന്ന നിലയിൽ പലഘട്ടങ്ങളിലും ബിജെപിയ്‌ക്കെതിരെ നിലപാട്‌ എടുത്തിട്ടുള്ളവരെയാണ്‌ നരേന്ദ്ര മോദി സർക്കാർ വേട്ടയാടുന്നത്‌. സാംസ്‌കാരിക പ്രവർത്തകരെയും, ചരിത്രകാരന്മാരെയും വേട്ടയാടുന്നു. അതിശക്തമായി പ്രതിഷേധിക്കേണ്ട സന്ദർഭമാണ്‌. ഇത്തരം പ്രതിഷേധങ്ങൾക്ക്‌ നേതൃത്വം കൊടുക്കേണ്ട ഇന്ത്യയിലെ പ്രധാനപ്പെട്ട മാധ്യമങ്ങൾ ഭയന്നും കേന്ദ്രസർക്കാരിൻറെ ആനുകൂല്യങ്ങൾക്ക്‌ വേണ്ടിയും മുട്ടിലിഴയുന്ന ചിത്രമാണ്‌ കണ്ടുകൊണ്ടിരിക്കുന്നത്‌.

കഴിഞ്ഞ ദിവസം നടന്ന റെയ്‌ഡ്‌ എത്ര മാധ്യമങ്ങൾ ധൈര്യത്തോടെ റിപ്പോർട്ട്‌ ചെയ്‌തു. മലയാള മാധ്യമങ്ങൾ സ്വീകരിച്ച നിലപാടുകൾ അവരുടെ ഒന്നാംപേജ്‌ നോക്കിയാൽ മനസിലാക്കാൻ കഴിയും. ഇതെല്ലാം ഈ രാജ്യത്തെ ജനാധിപത്യത്തെ ദുർബലപ്പെടുത്തും എന്ന കാര്യത്തിൽ തർക്കമില്ല.

Advertisements

 

നമ്മുടെ ജനാധിപത്യം ശക്തമായി മുന്നോട്ടുപോകണമെങ്കിൽ മാധ്യമങ്ങൾ ധൈര്യത്തോടെ നിലപാടെടുക്കുന്ന സ്ഥിതിയുണ്ടാകണം. അങ്ങനെ പോയില്ലെങ്കിൽ ഇന്ത്യ എന്ന സങ്കൽപ്പംതന്നെ ഇവിടെ ഇല്ലാതാകും. ബഹുസ്വരത തകർത്ത്‌ മതരാഷ്‌ട്രം സ്ഥാപിക്കാനാണ്‌ നീക്കം. ഇത്തരം നീക്കങ്ങൾക്കെതിരെ ചെറുപ്പക്കാരെ അണിനിരത്തിക്കൊണ്ട്‌ ഡിവൈഎഫ്‌ഐ ശക്തമായ പോരാട്ടം സംഘടിപ്പിക്കും – സനോജ്‌ പറഞ്ഞു.

 

Share news