KOYILANDY DIARY.COM

The Perfect News Portal

ലോൺ തിരിച്ചടവിൻ്റെ പേരിൽ ഭീഷണിപ്പെടുത്തുന്ന ബാങ്കുകളുടെ നടപടി അവസാനിപ്പിക്കണം

കൊയിലാണ്ടി: ലോൺ തിരിച്ചടവിൻ്റെ പേരിൽ നിരന്തരം ഭീഷണിപെടുത്തി ആത്മഹത്യ പ്രേരണ നടത്തുന്ന ബാങ്കുകളുടെ പീഡനം അവസാനിപ്പിക്കണമെന്ന് കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ബാങ്കുകളെ സർക്കാർ നിയന്ത്രിക്കാത്തതിൻ്റെ ഉദാഹരണമാണ് കോട്ടയത്ത് കർണാടക ബാങ്കിൻ്റെ ജപ്തി ഭീഷണി മൂലം വ്യാപാരി ബിനു ആത്മഹത്യ ചെയ്‌ത സംഭവം എന്നും യോഗം ചൂണ്ടികാട്ടി.
കച്ചവടക്കാർ എടുത്ത ബിസിനസ് ലോണുകളുടെ പേരിൽ പല ബാങ്കുകളും സ്വന്തം വാഹനത്തിലും, വാടകക്കെടുത്ത വാഹനങ്ങളിലും വീടുകളിൽ കയറിയിറങ്ങി വീട്ടുകാരെയടക്കം ഭീഷണിപ്പെടുത്തുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. വാഹനങ്ങളിൽ വീടുകളിൽ എത്തി ഭീഷണിപ്പെടുത്തി വാഹന വാടക ഇനത്തിൽ വൻ തുകയാണ് ലോണെടുത്തവരിൽ നിന്ന് ഇാടാക്കുന്നത്. കൂടാതെ പോസ്റ്റ് കാർഡും ഓർഡിനറി കത്തും അയച്ച് കുടിശ്ശികയുടെ കാര്യങ്ങൾ അറിയിക്കുന്നതിന് പകരം റെജിസ്ട്രേഡ് കത്തുകൾ അയച്ച് ഓരാളിൽ നിന്ന് 150 രൂപവരെയാണ് ഈടാക്കുന്നത്.
ഇങ്ങനെ ലോണെടുത്ത ആൾക്കും ജാമ്യം നിൽക്കുന്നവർക്കും ഇതേപോലെ നിരന്തരം റെജിസ്ട്രേഡ് കത്തുകൾ അയക്കുന്നതുമൂലം  ഒരു ലോണെടുത്ത ആൾക്ക് 450 രൂപയുടെ അധിക ബാധ്യതയാണ് വരുത്തുന്നത്. ഇങ്ങനെ നൂറുകണക്കിനാളുകൾക്ക് റെജിസ്ട്രേഡ് കത്തയച്ചും വാഹനങ്ങളിൽ സഞ്ചരിച്ചും ലക്ഷങ്ങളാണ് സഹകരണ ബാങ്കുകളും നാഷണൽ ബാങ്കുകളും തട്ടിയെടുക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡണ്ട് കെ കെ നിയാസ് അധ്യക്ഷതവഹിച്ചു. കെപി രാജേഷ്, കെ ദിനേശൻ, പി കെ മനീഷ്, അമേത്ത് കുഞ്ഞഹമ്മദ്, പി കെ ഷുഹൈബ്, വി കെ ഹമീദ്, യു.കെ അസീസ്, പി ചന്ദ്രൻ, അജീഷ്, ബാബു സുകന്യ എന്നിവർ സംസാരിച്ചു.
Share news