‘സൗരോർജം വൈദ്യുതോർജമായി മാറുന്നത്. ഊർജപാഠം കണ്ടറിഞ്ഞു
കുന്നമംഗലം: ‘സൗരോർജം എങ്ങനെയാണ് വൈദ്യുതോർജമായി മാറുന്നത്’? കുട്ടികൾ ഊർജപാഠം കണ്ടറിഞ്ഞു. ഈ ചോദ്യം പെരുമണ്ണ പയ്യടിമേത്തൽ ഗവ. എൽപി സ്കൂളിലെ കുട്ടികളോടാണെങ്കിൽ അവർ വിരൽചൂണ്ടി സ്കൂളിലെ വൈദ്യുതിനിലയം കാണിച്ചുതരും. എന്നിട്ട്, സംശയങ്ങളൊന്നുമില്ലാതെ സൗരോർജം വൈദ്യുതോർജമായി മാറുന്ന പ്രവർത്തനം വിശദീകരിച്ചുതരും. കാണാപാഠം പഠിച്ചതല്ല, കണ്ടറിഞ്ഞതാണ് ഈ ഊർജപാഠം.

സൗരോർജം ഉപയോഗിച്ചാണ് സ്കൂളിലെ വൈദ്യുതാവശ്യം പൂർണമായും നിറവേറ്റുന്നത്. സ്കൂളിന്റെ ആവശ്യം കഴിഞ്ഞ് ബാക്കിവരുന്ന വൈദ്യുതി കെഎസ്ഇബിക്ക് വിൽക്കുന്നു. 2019–20 ൽ മൂന്നരലക്ഷം എസ്എസ്എ ഫണ്ട് ഉപയോഗിച്ചാണ് മൂന്ന് നിലയുള്ള കെട്ടിടത്തിനുമുകളിൽ 15 പാനലുള്ള സൗരോർജ പ്ലാന്റ് സ്ഥാപിച്ചത്. മൂന്ന് കെവിയാണ് സ്ഥാപിതശേഷി. പ്രതിദിനം 12 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാം.

മാസം ശരാശരി 300 മുതൽ 400 യൂണിറ്റ് വരെ വൈദ്യുതി ലഭിക്കും. 1200 രൂപയിലധികം വൈദ്യുതി ബിൽ അടച്ചിരുന്ന സ്കൂളിന് നിലവിൽ ഒരു രൂപപോലും അടയ്ക്കേണ്ട. ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി വിറ്റ് ലഭിക്കുന്ന തുക പെരുമണ്ണ പഞ്ചായത്തിന് നൽകുന്നു.

ടി നിസാർ പഞ്ചായത്ത് അംഗമായിരുന്ന കാലത്താണ് സ്കൂളിൽ പ്ലാന്റ് സ്ഥാപിച്ചത്. കെ ശോഭനകുമാരിയായിരുന്നു പ്രധാനാധ്യാപിക. 320 കുട്ടികളാണ് ഈ സർക്കാർ സ്കൂളിൽ പഠിക്കുന്നത്. കെ ലിജീഷ് പ്രസിഡന്റും പി സബിത പ്രധാനാധ്യാപികയുമായ പിടിഎ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
