KOYILANDY DIARY.COM

The Perfect News Portal

മാലിന്യ മുക്ത നവകേരളത്തിനായി കൊയിലാണ്ടി നഗരസഭയും രംഗത്ത്. അവലോകന യോഗം ചേർന്നു

കൊയിലാണ്ടി: അവലോകന യോഗം ചേർന്നു. മാലിന്യ മുക്ത നവകേരളത്തിനായി കൊയിലാണ്ടി നഗരസഭയും ഒരുങ്ങുന്നു. പദ്ധതിയുടെ ഭാഗമായി 2024 ജനുവരി 26 ന് കോഴിക്കോട് ജില്ലയെ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ മുന്നൊരുക്കങ്ങൾ നടന്നുവരുകയാണ്. ഇതിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ സമയബന്ധിതമായി ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി ചെയർപേഴ്സൺ കെ പി സുധയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
കൗൺസിലർമാർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ ഷിജു, കെ എ ഇന്ദിര, നിജില പറവക്കൊടി, ഇ.കെ അജിത്ത്, സി ഡി എസ് അധ്യക്ഷന്മാരായ ഇന്ദുലേഖ, വിബിന, ഹരിത കർമ്മസേന കൺസോർഷ്യം ഭാരവാഹികളായ സിന്ധു ദേവരാജ്, ഊഷ്മ, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചിത്വമിഷൻ ഉദ്യോഗസ്ഥർ, കില ആർ പിമാർ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ, ക്ലീൻസിറ്റി മാനേജർ സതീഷ് തുടങ്ങിയവർ സംസാരിച്ചു.
മുൻസിപ്പൽ സെക്രട്ടറി ഇന്ദു എസ് ശങ്കരി സ്വാഗതവും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില നന്ദിയും പറഞ്ഞു. സപ്തംബർ 26 മുതൽ ഒക്ടോബർ 2 വരെ നീണ്ടു നിൽക്കുന്ന ദിവസങ്ങളിൽ വിവിധ മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. ഇതിനായി എൻ എസ് എസ് വിദ്യാർത്ഥികൾ, ഹരിതകർമ്മസേന, തൊഴിലുറപ്പ് തൊഴിലാളികൾ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രവർത്തകർ, നഗരസഭ ശുചീകരണ തൊഴിലാളികൾ മുതലായവരുടെ സഹായം ഉറപ്പ് വരുത്തും. ഇതിന്റെ ഭാഗമായി ശുചിത്വ സന്ദേശ റാലി സംഘടിപ്പിക്കും.
വാർഡ്തല ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാൻ കൗൺസിലർമാർ, ആരോഗ്യ ശുചിത്വ പോഷക സമിതി അംഗങ്ങൾ, പൊതു സമൂഹം മുതലായവരുടെ സഹായമുണ്ടാവണമെന്ന് ചെയർപേഴ്സൺ അഭ്യർത്ഥിച്ചു.
Share news