കെ. ജി. ജോർജ് മലയാള സിനിമയിലെ വ്യത്യസ്ത മുഖം
കൊച്ചി: കെ. ജി. ജോർജ് മലയാള സിനിമയിലെ വ്യത്യസ്ത മുഖം. സജീവ സിനിമാ പ്രവർത്തനത്തിൽനിന്ന് മാറിനിൽക്കാൻ തുടങ്ങിയിട്ട് രണ്ടുപതിറ്റാണ്ടിലേറെയായെങ്കിലും, പുതുമകളെ വാരിപ്പുണരുന്ന വേഗത്തിലും ആവേശത്തിലും പഴയതിനെ തൂത്തെറിയുന്ന സിനിമാസമ്പ്രദായത്തിന് മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്‌റ്റ്സ്‌മാനെ മറവിയിലേക്ക് തള്ളാനാകുന്നില്ല. അസുഖബാധിതനായി പിൻവാങ്ങേണ്ടി വരുംവരെയുള്ള കുറഞ്ഞകാലത്തെ സിനിമാജീവിതത്തിനിടെ അദ്ദേഹം ചെയ്തുവച്ച ചലച്ചിത്രകാവ്യങ്ങളുടെ കായബലത്തിനു മുന്നിലാണ് സിനിമയുടെ സ്വാഭാവിക നീതി അടിയറവു പറയുന്നത്.

പാട്ടിനും പൈങ്കിളി പ്രണയത്തിനും പിന്നാലെ മലയാള സിനിമ മരം ചുറ്റിയോടിയ കാലത്താണ് സ്വപ്നാടനവുമായി ജോർജ് വന്നത്. മലയാളി ഇന്നും ചർച്ച ചെയ്യാൻപോലും മടിക്കുന്ന വിവാഹപൂർവ്വ സ്ത്രീ–പുരുഷ ബന്ധത്തെ സാധൂകരിക്കുന്നതായിരുന്നു എഴുപതുകളുടെ മധ്യത്തിൽ കെ ജി ജോർജ് വെള്ളിത്തിരയിൽ എത്തിച്ച സ്വപ്നാടനത്തിന്റെ പ്രമേയം. യാഥാർഥ്യത്തിന്റെ മുഖത്തോട് അടുത്തു നിൽക്കുന്നതായിരുന്നു പിന്നാലെ പിറന്ന സിനിമകൾ.


പകരം വയ്ക്കാനില്ലാത്ത എക്കാലത്തെയും മികച്ച ക്രൈം ത്രില്ലർ യവനിക, ഗ്രാമ്യ ജീവിതത്തിന്റെ വന്യതയിലേക്ക് തുറന്നുവച്ച കാഴ്ച – കോലങ്ങൾ, നടി ശോഭയുടെ ജീവിതവും മരണവും അസാമാന്യ തികവോടെ ഒപ്പിയ ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഇന്നും പകരമൊന്നു പറയാനില്ലാത്ത, ആക്ഷേപഹാസ്യത്തിന്റെ കാമ്പറിയിച്ച പഞ്ചവടിപ്പാലം, മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ ഇണക്കി സ്ത്രീ വിമോചനത്തിന്റെ വലിയ ക്യാൻവാസിൽ രചിച്ച ആദാമിന്റെ വാരിയെല്ല്.


സിനിമാ ചരിത്രത്തിന്റെ വഴിക്കല്ലുകളായി മാറിയ ചിത്രങ്ങളോരോന്നും പ്രമേയത്തിലും സമീപനത്തിലും ഒന്നിനൊന്ന് വ്യത്യസ്തമായത് കെ ജി ജോർജ് എന്ന പ്രതിഭാശാലിയുടെ ബോധപൂർവ്വമായ ഇടപെടലിലൂടെയായിരുന്നു. സമാന്തര സിനിമയുടെ പതിവ് ജാടകളിലേക്കോ കറതീർന്ന കച്ചവടത്തിന്റെ കുപ്പക്കുഴിയിലേക്കോ വഴുതാതെ കലാമേന്മയും ജനപ്രിയതയും ജോർജ് തന്റെ സിനിമകളോട് ഇണക്കി.

