KOYILANDY DIARY.COM

The Perfect News Portal

നിപ; വവ്വാലുകളെ പിടികൂടി സാമ്പിൾ ശേഖരിക്കാൻ വല വിരിച്ചു

കോഴിക്കോട്‌: നിപാ പ്രതിരോധ പഠന നടപടികളുമായി ബന്ധപ്പെട്ട് വവ്വാലുകളെ പിടികൂടി സാമ്പിൾ ശേഖരിക്കാൻ വലവിരിച്ചു. കുറ്റ്യാടി ദേവർകോവിലിലെ നിരവധി വവ്വാലുകളുള്ള കനാൽമുക്ക് റോഡിലെ മരത്തിലാണ്‌ വല വിരിച്ചത്‌.
കേന്ദ്ര സംഘവും വനംവകുപ്പും പാലോട് കേരള അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസും ജില്ലാ  മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന പഠന പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. നഗരത്തിൽനിന്ന്‌ സാമ്പിൾ ശേഖരിച്ചു.
നിപാ പ്രതിരോധ- പഠന നടപടികളുടെ ഭാഗമായി ജില്ലയിൽ എത്തിയ കേന്ദ്ര മൃഗസംരക്ഷണ  വിദഗ്‌ധ സംഘം ജില്ലയിലെ നഗര പ്രദേശങ്ങൾ ഉൾപ്പെടെയുള്ള രോഗബാധിത പ്രദേശങ്ങളിൽ നിന്ന്‌ സാമ്പിളുകൾ ശേഖരിച്ചു.
പട്ടി, പൂച്ച, കാട്ടുപന്നി, വവ്വാൽ എന്നിവയിൽ നിന്നാണ്‌ സാമ്പിളെടുത്തത്‌. ഇവ തുടർ പരിശോധനകൾക്കായി ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേക്ക്‌ അയക്കും. കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ഡീൻ ഡോ. പി കെ നമീറിൻറെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പിൻറെയും വനം വകുപ്പിൻറെയും സഹകരണത്തോടെയായിരുന്നു സാമ്പിൾ ശേഖരണം.

 

Share news