KOYILANDY DIARY.COM

The Perfect News Portal

കേരള സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് ഇന്ന് പ്രകാശിപ്പിക്കും

തിരുവനന്തപുരം: കേരള സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് സഹകരണ ടവറിൽ മന്ത്രി വി ശിവൻകുട്ടി ഇന്ന് പ്രകാശിപ്പിക്കും. പ്രീ പ്രൈമറി പാഠ്യപദ്ധതി, അധ്യാപക വിദ്യാഭ്യാസം, വയോജന വിദ്യാഭ്യാസം എന്നീ മേഖലകളിൽ തയ്യാറാക്കിയ ചട്ടക്കൂടുകൾ ഒക്ടോബർ ഒമ്പതിന്‌ പ്രകാശിപ്പിക്കും.

വിശദമായ ചർച്ചയ്ക്കുശേഷം അന്തിമ ചട്ടക്കൂട് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത്‌ സ്‌കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിച്ചിട്ട് 15 വർഷം പിന്നിടുകയാണ്. ഈ പശ്ചാത്തലത്തിലാണ് സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചത്. ജനകീയമായ ചർച്ചകളും കുട്ടികളുടെ ചർച്ചകളും പഠനങ്ങളും നടത്തി കേരളത്തിൻറെ തനിമ നിലനിർത്തിയും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന പാഠ്യപദ്ധതിയാണ് രൂപീകരിക്കുന്നത്.

ഒന്ന്, മൂന്ന്, അഞ്ച് ഏഴ്, ഒമ്പത് ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ അടുത്ത അക്കാദമിക വർഷം സ്‌കൂളുകളിൽ എത്തിക്കും. അധ്യാപക സഹായി, ഡിജിറ്റൽ ടെക്സ്റ്റ്, രക്ഷിതാക്കൾക്കുള്ള ടെക്സ്റ്റ് എന്നിവയും തയ്യാറാക്കും. പഠനം മുടങ്ങുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ കുട്ടികൾക്ക് സ്വയം പഠിക്കാവുന്ന തരത്തിലാണ് ഡിജിറ്റൽ ടെക്സ്റ്റ് വികസിപ്പിക്കുക. ഭിന്നശേഷി കുട്ടികൾക്കായി ഓഡിയോ ടെക്സ്റ്റും പുറത്തിറക്കും.

Advertisements
Share news