മുത്താമ്പി റോഡിലെ അണ്ടർപ്പാസിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്
കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടർപ്പാസിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്. കൊയിലാണ്ടി പെരുവട്ടൂർ സ്വദേശിയായ ‘ദാറുൽ ഫാത്തിമയിൽ’ മുഹമ്മദിനും ഭാര്യ സുബൈദക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് സംഭവം. പെരുവട്ടൂരിൽ നിന്ന് സ്കൂട്ടറിൽ കൊയിലാണ്ടിയിലേക്ക് പോകുമ്പോഴാണ് ചെളി നിറഞ്ഞ കുഴിയിൽ ബൈക്ക് അകപ്പെട്ടത്. ഇരുവർക്കും ഇവർ ഓടിച്ചിരുന്ന KL 11 AR 4813 നമ്പർ സ്കൂട്ടറിനും കാര്യമായ ക്ഷതമേറ്റിട്ടുണ്ട്.

സമീപത്തുള്ളവർ ഓടിക്കൂടിയാണ് ചെളിയിൽ കുളിച്ച് കിടക്കുകയായിരുന്ന ഇരുവരെയും ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പുറത്തെത്തിച്ചത്. ചെളിയിൽ മുങ്ങിയ ഇവരെ നാട്ടുകാരുട സഹായത്തോടെ തൊട്ടടുത്ത വീട്ടിൽ എത്തിച്ച് വെള്ളംഉപയോഗിച്ച് കഴുകി വൃത്തിയാക്കിയശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. അണ്ടർപ്പാസിൻ്റെ അടിഭാഗത്തുകൂടി സഞ്ചരിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമായിരിക്കുകയാണ്.

അശാസ്ത്രീയമായ രീതിയിൽ നടന്ന നിർമ്മാണ പ്രവർത്തനത്തിൻ്റെ ഭാഗമായി പാലത്തിനടിയിൽ വെള്ളവും ചളിയും നിറഞ്ഞ് ഗതാഗതം ദുസ്സഹമായിരിക്കുകയാണ്. സംഭവത്തിൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. അടിയന്തരമായി അണ്ടർപ്പാസിൻ്റെ അടി ഭാഗം ടാർ ചെയ്യണമെന്നും അല്ലാത്തപക്ഷം ഗതഗതം തടഞ്ഞ് ശക്തമായി പ്രതിഷേധിക്കുമെന്നും നാട്ടുകാർ കൊയിലാണ്ടി ഡയറിയോട് പറഞ്ഞു.





