കേരളത്തിനുനേരെയുള്ള കടന്നാക്രമണം പ്രതിരോധിക്കണം: എം വി ഗോവിന്ദൻ

കേരളത്തെ കടന്നാക്രമിക്കാൻ ആർഎസ്എസ് ബോധപൂർവം ശ്രമിക്കുകയാണെന്നും അതിനെ പ്രതിരോധിക്കണമെന്നും സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. വി വി ദക്ഷിണാമൂർത്തിയുടെ ഏഴാം ചരമവാർഷിക ദിനാചരണം പാലേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആർഎസ്എസ് ആചാര്യൻ ഗോൾവൾക്കർ വിചാരധാരയിൽ പറഞ്ഞ ആഭ്യന്തര ശത്രുക്കൾ ഏറ്റവുമധികം കേരളത്തിലാണ്. കടന്നാക്രമണത്തിൻറെ കാരണവുമിതാണ്. അഗ്നിപർവതത്തിനു മീതെയാണ് കേരളം. വർഗീയവാദികൾ ഇവിടെ വിഷം കലക്കുന്നു. കേന്ദ്രസർക്കാർ സാമ്പത്തികമായി ഉപരോധിക്കുന്നു. എൽഡിഎഫ് സർക്കാരുള്ളതുകൊണ്ടാണ് കേരളം ഇതിനെയെല്ലാം അതിജീവിക്കുന്നത്.
അധികാരത്തിലെത്തിയ അന്നുമുതൽ മുഖ്യമന്ത്രിക്കും പാർട്ടിക്കും എതിരായി അപവാദപ്രചാരണമാണ് നടത്തുന്നത്. രാഷ്ട്രീയ പാർട്ടികളെക്കാൾ ശക്തമായ പ്രചാരണം നടത്തുന്നത് മാധ്യമങ്ങളാണ്. ഫാസിസ്റ്റ് കടന്നാക്രമണങ്ങളുടെ ആദ്യപടി കള്ളപ്രചാരവേലയാണ്. ലോകത്തെവിടെയുമുള്ള ഫാസിസ്റ്റ് രീതിയതാണ്. മണിപ്പുരിലുമുണ്ടായി. വലതുപക്ഷ വ്യതിയാനത്തിനെതിരെ സന്ധിയില്ലാതെ പോരാടിയ നേതാവാണ് വി വി ദക്ഷിണാമൂർത്തിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
