മീഞ്ചന്ത മിനി ബൈപാസിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു

കോഴിക്കോട് -മീഞ്ചന്ത മിനി ബൈപാസിൽ മീഞ്ചന്തക്ക് സമീപം ഓടുന്ന കാർ കത്തി. കാറിലുണ്ടായിരുന്ന രണ്ടുപേർ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച പകൽ 11.30 ഓടെയാണ് സംഭവം. നല്ലളം ജയന്തി റോഡ് നെടുവോടിവയൽ എൻ അനീസിൻറ എ 2014 മോഡൽ ഫോർഡ് ഫിഗോ കാറാണ് കത്തിയത്.

നല്ലളത്തുനിന്ന് നഗരത്തിലെ ആശുപത്രിയിലേക്ക് അനീസും സുഹൃത്ത് ടി. സാദിഖലിയും വരുമ്പോഴാണ് അപകടം. കാറിൻറെ മുൻവശത്തുനിന്ന് പുക വന്നതിനാൽ ബോണറ്റ് തുറന്ന് പരിശോധിച്ചെങ്കിലും തകരാറൊന്നും കാണാനായില്ല. എസിയുടെ ഭാഗത്തുനിന്ന് പുക കൂടുതലായി വരുന്നത് കണ്ടപ്പോൾ സമീപത്തെ വർക്ക് ഷോപ്പിൽ ആളെ വിളിക്കാൻ സുഹൃത്ത് പോയ ഉടൻ തീപടർന്നു.
വെള്ളമൊഴിച്ചും വർക്ക് ഷോപ്പിലെ അഗ്നി നിയന്ത്രണ ഉപകരണം ഉപയോഗിച്ചും തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് മീഞ്ചന്തയിൽനിന്ന് അഗ്നി രക്ഷാസേനയെത്തിയാണ് തീയണച്ചത്.
