കരാർ ജോലിയിലുള്ള സ്പെഷ്യൽ എഡ്യുക്കേറ്റർമാർ സമഗ്ര ശിക്ഷ ജില്ലാ ഓഫീസിലേക്ക് മാർച്ച് നടത്തി

കോഴിക്കോട്: കരാർ ജോലിയിലുള്ള സ്പെഷ്യൽ എഡ്യുക്കേറ്റർമാർ വിവിധ ആവശ്യങ്ങളുന്നയിച്ച് സമഗ്ര ശിക്ഷ ജില്ലാ ഓഫീസിലേക്ക് മാർച്ച് നടത്തി. പൊതുവിദ്യാലയങ്ങളിൽ സ്പെഷ്യൽ എഡ്യുക്കേറ്റർ തസ്തിക സൃഷ്ടിച്ച് സ്പെഷ്യൽ എഡ്യുക്കേറ്റർമാരെ സ്ഥിരപ്പെടുത്തുക, ഭിന്നശേഷി അവകാശനിയമം പൂർണമായി നടപ്പാക്കുക, ഭിന്നശേഷി വിദ്യാർത്ഥികളുടെ അവകാശം സംരക്ഷിക്കുക തുടങ്ങിയവയായിരുന്നു ആവശ്യം.

കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് കെഎസ്കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ബി. ശ്രീകല അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി സജിൻ കുമാർ, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം വി പി മനോജ്, കെഎസ്എസ്ടിയു ജില്ലാ സെക്രട്ടറി ദിനേശൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എൽ കെ. അഖിൽകുമാർ സ്വാഗതവും ട്രഷറർ സ്റ്റെല്ല മാർഗരറ്റ് നന്ദിയും പറഞ്ഞു.
