KOYILANDY DIARY.COM

The Perfect News Portal

ലക്ഷദ്വീപിൽ സ്‌കൂളുകളിൽ വിദ്യാർത്ഥിനികൾ ഹിജാബ്‌ ധരിക്കുന്നത്‌ തടയാൻ നിശ്ചിത യൂണിഫോം കർശനമാക്കി

കൊച്ചി: ലക്ഷദ്വീപിൽ സ്‌കൂളുകളിൽ വിദ്യാർത്ഥിനികൾ ഹിജാബ്‌ ധരിക്കുന്നത്‌ തടയാൻ നിശ്ചിത യൂണിഫോം കർശനമാക്കി പുതിയ ഉത്തരവ്‌. കഴിഞ്ഞ അധ്യയനവർഷം യൂണിഫോം നിർബന്ധമാക്കിയപ്പോൾ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. അതോടെ  യൂണിഫോമിനൊപ്പം തലയിൽ ഹിജാബ്‌ ധരിക്കാൻ വാക്കാൽ നൽകിയ അനുവാദമാണ്‌ പുതിയ ഉത്തരവോടെ ഇല്ലാതായത്‌.

ഉത്തരവിൽ പറയാത്ത ഒരുവസ്ത്രവും യൂണിഫോമിനൊപ്പം ധരിക്കുന്നില്ലെന്ന്‌ സ്കൂൾ പ്രിൻസിപ്പൽമാരും പ്രധാന അധ്യാപകരും ഉറപ്പാക്കണമെന്ന്‌ അഡ്‌മിനിസ്‌ട്രേറ്ററുടെ നിർദേശപ്രകാരം വിദ്യാഭ്യാസ ഡയറക്ടർ വ്യാഴാഴ്‌ച പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു. ഈ അധ്യയനവർഷം ആദ്യമായി ദ്വീപ്‌ സന്ദർശിച്ച അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ വിദ്യാർത്ഥിനികൾ യൂണിഫോമിനൊപ്പം ഹിജാബും ധരിച്ച്‌ സ്‌കൂളുകളിൽ വരുന്നത്‌ കണ്ടപ്പോഴാണ്‌ അത്‌ അനുവദിക്കരുതെന്ന്‌ വിദ്യാഭ്യാസവകുപ്പിന്‌ നിർദേശം നൽകിയത്‌.

 

എന്നാൽ, ഹിജാബ്‌ വിലക്കണമെങ്കിൽ അതുസൂചിപ്പിച്ച്‌ കർശന നിർദേശമുള്ള ഉത്തരവ്‌ വേണമെന്ന്‌ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെയാണ്‌ പുതുക്കിയ ഉത്തരവിറക്കിയത്‌. ഇതിൽ പ്രീ -സ്‌കൂൾമുതൽ അഞ്ചാംക്ലാസ്‌വരെയും ആറുമുതൽ 12-ാംക്ലാസുവരെയും ആൺകുട്ടികളും പെൺകുട്ടികളും ധരിക്കേണ്ട യൂണിഫോമിന്റെ വിശദവിവരമുണ്ട്‌. അതിൽ ഹിജാബ്‌ ഇല്ല. പെൺകുട്ടികൾക്ക്‌ വെള്ള കുർത്തയും നീല പൈജാമയും നീല ഹിജാബുമായിരുന്നു യൂണിഫോം.

Advertisements

 

ആൺകുട്ടികൾക്ക്‌ വെള്ള ഷർട്ടും നീല പാന്റുമായിരുന്നു. പുതിയ ഉത്തരവിൽ നീലയ്‌ക്കുപകരം ആകാശനീലയും വെള്ളയ്‌ക്കുപകരം ചെക്ക്‌ ഡിസൈനുമാക്കി. പെൺകുട്ടികളുടെ ഹിജാബും ഒഴിവാക്കി. ഏകാധിപത്യ തീരുമാനം അംഗീകരിക്കില്ല. ലക്ഷദ്വീപിലെ വിദ്യാലയങ്ങളിൽ ഹിജാബ്‌ നിരോധനം അടിച്ചേൽപ്പിക്കാനുള്ള അഡ്‌മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യ തീരുമാനം അംഗീകരിക്കില്ലെന്ന്‌ പി പി മുഹമ്മദ്‌ ഫൈസൽ എംപി പറഞ്ഞു.

 

സ്‌കൂൾ മാനേജ്‌മെന്റ്‌ കമ്മിറ്റികളിൽ ആലോചിക്കുകപോലും ചെയ്യാതെയുള്ള തീരുമാനം നടപ്പാക്കേണ്ടെന്ന്‌ എസ്‌എംസികൾക്ക്‌ എംപി എന്നനിലയിൽ കത്തയച്ചിട്ടുണ്ട്‌. സ്‌ത്രീകൾക്ക്‌ അവരുടെ മതവിശ്വാസമനുസരിച്ച്‌ വസ്‌ത്രം തെരഞ്ഞെടുക്കാനുള്ള ഭരണഘടനയുടെ 25 (1) വകുപ്പുനൽകുന്ന അവകാശത്തെയാണ്‌ പുതിയ ഉത്തരവ്‌ ഇല്ലാതാക്കുന്നതെന്നും എം പി പറഞ്ഞു.

 

Share news