KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് നാട്ടാനകളുടെയും കാട്ടാനകളുടെയും എണ്ണം കുറയുന്നതായി കണക്കുകൾ

നിലമ്പൂർ: സംസ്ഥാനത്ത് നാട്ടാനകളുടെയും കാട്ടാനകളുടെയും എണ്ണം കുറഞ്ഞുവരുന്നതായി കണക്കുകൾ. വനവകുപ്പിന്റെ മേൽനോട്ടത്തിൽ 2018 നവംബർ 29ന് പൂർത്തിയാക്കിയ സെൻസെസ് പ്രകാരം 521 നാട്ടാനകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. 2023 മാർച്ചിലെ കണക്ക് പ്രകാരം അവശേഷിക്കുന്നത് 430 നാട്ടാനകൾമാത്രം. 91 നാട്ടാനകൾ അഞ്ച് വർഷംകൊണ്ട് ചരിഞ്ഞു.
2017ലെ കാട്ടാന സെൻസെസിലെ  ബ്ലോക്ക്  തിരിച്ചുള്ള (ഭൂപ്രദേശം അടിസ്ഥാനപ്പെടുത്തിയുള്ളത്‌) കണക്ക് പ്രകാരം 3322 കാട്ടാനകളും ഡങ്ങ് കൗണ്ട് (പിണ്ഡങ്ങളുടെ എണ്ണം തിരിച്ചുള്ള) കണക്ക്‌ പ്രകാരം 5706 കാട്ടാനകളുമുണ്ടായിരുന്നു. 2023ലെ ബ്ലോക്കുകൾ തിരിച്ചുള്ള കണക്ക്‌ പ്രകാരം 1920 കാട്ടാനകളും ഡങ്ങ് കൗണ്ടിൽ 2386 കാട്ടാനകളുമാണ് സംസ്ഥാനത്തുള്ളത്. 2017നെ അപേക്ഷിച്ച് ബ്ലോക്ക് കൗണ്ട് തിരിച്ചുള്ള കണക്ക് പ്രകാരം 1402 കാട്ടാനകളും ഡങ്ങ് കൗണ്ട് പ്രകാരം 3320 കാട്ടാനകളും സംസ്ഥാനത്ത് കുറഞ്ഞിട്ടുണ്ട്. വനം പരിസ്ഥിതി മന്ത്രാലയവും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും അം​ഗീകരിച്ച രീതികൾ അവലംബിച്ചാണ് വന്യജീവികളുടെ എണ്ണം തിട്ടപ്പെടുത്തുക.
സ്വകാര്യവ്യക്തികളുടെ ഉടമസ്ഥയിൽ 280 നാട്ടാനകളും ദേവസ്വം ബോർഡുകളുടെ ഉടമസ്ഥതയിൽ 109 നാട്ടാനകളും വനംവകുപ്പ് നേരിട്ട് പരിപാലിക്കുന്ന 41 നാട്ടാനകളുമാണ് സംസ്ഥാനത്തുള്ളത്. 341 കൊമ്പന്‍മാരും 80 പിടിയാനകളും ഒമ്പത്‌ മോഴയാനകളും ഇതിലുണ്ട്.  40 വയസ്സിനുമുകളിലുള്ള 238 നാട്ടാനകളുണ്ട്. ഏറ്റവും കൂടുതൽ നാട്ടാനകൾ ഉള്ളത് തൃശൂർ ജില്ലയിലാണ്. 141 നാട്ടാനകളാണ് തൃശൂർ ജില്ലയിലുള്ളത്‌.
കുറവ് കാസർ​കോട് ജില്ലയിലാണ് രണ്ടെണ്ണം. പ്രായാധിക്യം, അനാരോ​ഗ്യം, പാദരോ​ഗം എന്നിവ മൂലമാണ് നാട്ടാനകളുടെ എണ്ണം കുറയുന്നതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. നിലവിലുള്ള നാട്ടാനകളുടെ വംശം നിലനിർത്താൻ ക്യാപ്റ്റീവ് ബ്രീഡിങ് പ്രോ​ഗ്രാം അനിവാര്യമെന്നാണ്  ​ഗവേഷകർ പറയുന്നത്. കഴിഞ്ഞ രണ്ടര വർഷത്തിനടയിൽ 283 കാട്ടാനകൾ വിവിധ വനമേഖലകളിൽ ചരിഞ്ഞിട്ടുണ്ട്.

 

Share news