KOYILANDY DIARY.COM

The Perfect News Portal

ഹരിയാനയിൽ വർഗീയ സംഘർഷം കൂടുതൽ പ്രദേശങ്ങളിലേക്ക് : മരണം മൂന്നായി

ന്യൂഡൽഹി: ഹരിയാനയിലെ വർഗീയ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഇന്നലെ രണ്ട് ഹോം ഗാർഡുകൾ കൊല്ലപ്പെട്ടിരുന്നു. വർഗീയ സംഘർഷം സംബന്ധിച്ച് മുഖ്യമന്ത്രി ഖട്ടാർ ഉച്ചയ്ക്ക് അവലോകന യോഗം വിളിച്ചിട്ടുണ്ട്. അതേസമയം സംഘർഷം കൂടതൽ മേഖലയിലേക്ക് വ്യാപിക്കുന്നതായും പറയുന്നു.

അക്രമികൾ കല്ലെറിയുകയും കാറുകൾക്ക് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. പൊലീസ് നടപടിയിൽ 20ഓളം പേർക്ക് പരിക്കേറ്റു. നിരവധി പൊലീസുകാർക്കും പരിക്കേറ്റു. ഒരാൾക്ക് വെടിയേറ്റു. സംഘർഷത്തിന് പിന്നാലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കുകയും കൂട്ടം കൂടുന്നത് നിരോധിക്കുകയും ചെയ്തു.

ഗുരുഗ്രാം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഹരിയാനയിലെ നൂഹ്ജില്ലയിൽ വർഗീയ കലാപത്തിനുള്ള സംഘപരിവാർ ശ്രമമാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഘപരിവാർ സംഘടനകളായ ബജ്‌റംഗദളും വിഎച്ച്‌പിയും സംഘടിപ്പിച്ച ബ്രിജ്‌മണ്ഡൽ ജലാഭിഷേക്‌ യാത്രയെത്തുടർന്നാണ്‌ സംഘർഷം.

Advertisements

പശുക്കടത്ത്‌ ആരോപിച്ച്‌ ഹരിയാനയിൽ രണ്ടു യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയായ സംഘപരിവാർ പ്രവർത്തകൻ മോനു മനേസറും സംഘവും യാത്രയിൽ പങ്കാളികളായത്‌ സംഘർഷത്തിന്‌ കാരണമായിട്ടുണ്ട്‌. ഇതോടൊപ്പം ഒരു വിഎച്ച്‌പി പ്രവർത്തകൻ സമൂഹമാധ്യമത്തിൽ പ്രകോപനപരമായ പോസ്റ്റിട്ടതും ഏറ്റുമുട്ടലിന്‌ വഴിയൊരുക്കി.  ക്ഷേത്രത്തിൽ അഭയം തേടിയ 3000ത്തിലധികം പേരെ മോചിപ്പിച്ചു. പ്രദേശത്ത് കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ഹരിയാനയിൽ ന്യൂനപക്ഷങ്ങൾ കൂടുതലായുള്ള മേഖലകളിലൊന്നാണ് നൂഹ് ജില്ല.

 

Share news