കണ്ണൂക്കരയിൽ അടച്ചിട്ട വീട്ടിൽ മോഷണം; സ്വർണാഭരണങ്ങളും പണവും മോഷണം പോയി

കോഴിക്കോട്: കണ്ണൂക്കരയിൽ അടച്ചിട്ട വീട്ടിൽ മോഷണം. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 14 പവൻ സ്വർണാഭരണങ്ങളും 86,000 രൂപയുമാണ് മോഷണം പോയത്. മാവിലക്കണ്ടിയിൽ ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ വീട് പൂട്ടി ബന്ധുവീട്ടിൽ പോയതായിരുന്നു. വെള്ളിയാഴ്ച വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്.

താഴെ നിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. മുറികളിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. മുകളിലെ മുറി മോഷ്ടാക്കൾ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചോമ്പാല പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും ഫിംഗർ പ്രിന്റ് വിദഗ്ധരും പരിശോധന നടത്തി. മോഷ്ടാക്കൾ അടുത്ത വീട്ടിലും എത്തിയതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്.

അഴിയൂരിൽ നിരവധി സ്ഥലങ്ങളിൽ രണ്ടു മാസത്തിനിടെ കവർച്ച നടന്നിരുന്നു. എന്നാൽ, പ്രതികളെ കണ്ടെത്താനായിട്ടില്ല. മേഖലയിൽ മോഷ്ടാക്കളുടെ ശല്യം രൂക്ഷമായതിനാൽ വീട് പൂട്ടി പോകുന്നവർക്കും മറ്റും പൊലീസ് ജാഗ്രത നിർദേശം നൽകിയിരുന്നു.
