ബൈക്കിലെത്തി മാല മോഷണം; പ്രതി പൊലീസ് പിടിയിൽ

കോഴിക്കോട്: ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തി മാല മോഷണം നടത്തിയിരുന്ന പ്രതി പൊലീസ് പിടിയിൽ. മലപ്പുറം ഇരുമ്പുഴി സ്വദേശി സുരേഷ് ബാബു (43)വിനെയാണ് കോഴിക്കോട് ജില്ല സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും വെള്ളയിൽ പൊലീസും ചേർന്ന് കസ്റ്റഡിയിൽ എടുത്തത്.

മകന്റെ കുട്ടിയെ സ്‌കൂളിൽ നിന്നും കൂട്ടി കൊണ്ടുവരാൻ പോകുകയായിരുന്ന ചെറുപുരയ്ക്കൽ ഊർമിളയുടെ മൂന്നര പവർ സ്വർണ്ണമാല ബൈക്കിലെത്തി കവർച്ച നടത്തുകയായിരുന്നു സുരേഷ്ബാബു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളയിൽ സബ്ബ് ഇൻസ്‌പെക്ടർ യു സനീഷിന്റെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തി വരികയായിരുന്നു.


ഡപ്യൂട്ടി കമ്മിഷണർ കെ ഇ. ബൈജുവിന്റെ നിർദ്ദേശ പ്രകാരം സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിൽ സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും കവർച്ച നടത്തിയ ആളുടെ അവ്യക്ത രൂപവും കവർച്ച നടത്തിയ ആൾ വന്നത് ഗ്ലാമർ ബൈക്കിലാണെന്നുമുള്ള ദൃശ്യം ലഭിക്കുകയും ചെയ്‌തു.


സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ഗ്ലാമർ ബൈക്കുകളുടെ വിവങ്ങൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിൽ പ്രതിയിലേക്ക് എത്തിച്ചേരുകയായിരുന്നു. ഇയാൾ കോഴിക്കോട് ബീച്ച് ഭാഗങ്ങളിൽ യാത്ര ചെയ്യുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ച പൊലീസ് വാഹന പരിശോധനക്കിടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെള്ളയിൽ ഇൻസ്പെക്ടർ ബാബുരാജിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ ഈ കവർച്ച കൂടാതെ നിരവധി കവർച്ച ശ്രമങ്ങൾ നടത്തിയിരുന്നതായും കവർച്ച നടത്തിയ സ്വർണ്ണമാല വിറ്റതായും സുരേഷ് സമ്മതിച്ചു.

സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, എ കെ. അർജുൻ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, വെള്ളയിൽ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ അരുൺ വി ആർ, സീനിയർ സിപിഒ ജയേഷ്, സൈബർ സെല്ലിലെ രാഹുൽ, പ്രസാദ് എന്നിവരാണ് അന്വേഷണം നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
