ഏക സിവിൽ കോഡ് സെമിനാർ ഹിന്ദുത്വ ധ്രുവീകരണത്തിനെതിരായ മുന്നേറ്റമാകും; എം വി ഗോവിന്ദൻ

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരായി കോഴിക്കോട് ഇന്ന് സംഘടിപ്പിക്കുന്ന സെമിനാർ ഹിന്ദുത്വ ധ്രുവീകരണത്തിനെതിരായ മുന്നേറ്റമാകുമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഫാസിസത്തിലേക്കുള്ള പാതയൊരുക്കലാണ് ഏക സിവിൽകോഡ്. സെമിനാറിൽ പതിനായിരങ്ങൾ പങ്കെടുക്കും. ഉയർത്തുന്ന നിലപാടാണ് പ്രധാനം.

ഏകീകൃത സിവിൽ കോഡ് സെമിനാർ സംഘടിപ്പിക്കുന്നത് ഫാസിസത്തിനെതിരായ പ്രതിരോധമായാണ്. ഇനി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏകീകൃത സിവിൽ കോഡ് പുതിയ മുദ്രാവാക്യമാവും. ജനാധിപത്യ സമൂഹത്തെ നിലനിർത്താനാണ് സിപിഐ (എം) പ്രതിരോധം തീർക്കുന്നത്. ആർഎസ്എസിനും ബിജെപിക്കും ഈ മുദ്രാവാക്യം ധ്രുവീകരണത്തിന് വേണ്ടിയുള്ളതാണ്. കോൺഗ്രസിന്റെ ഓരോ സംസ്ഥാനത്തെയും ഓരോ നേതാക്കളും വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. ഇത് രാഷ്ട്രീയ മുന്നണിയോ, രാഷ്ട്രീയ കൂട്ടുകെട്ടോ അല്ല. ഇതിൽ കക്ഷിരാഷ്ട്രീയവും ബാധകമല്ല.


സെമിനാറിൽ എൽഡിഎഫ് കൺവീനരെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല. എല്ലാവരും പാർടിയുടെ ഭാഗമാണ്. സെമിനാർ സംഘടിപ്പിക്കുന്നത് എൽഡിഎഫ് അല്ല. മറ്റു ജില്ലകളിലും സെമിനാറുകളുണ്ട്. ഇവിടെ എല്ലാവരും പങ്കെടുക്കണമെന്ന് നിർബന്ധമില്ലെന്നും മാധ്യമപ്രവർത്തകരോട് അദ്ദേഹം പ്രതികരിച്ചു.

