KOYILANDY DIARY.COM

The Perfect News Portal

അസമിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്; 10,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

ന്യൂഡല്‍ഹി: പ്രളയസാഹചര്യം രൂക്ഷമായ ഡല്‍ഹിയ്ക്ക് പുറമെ വെള്ളപ്പൊക്ക മുന്നറിയിപ്പില്‍  അസാം. 17 ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 10,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. സിക്കിമിലും വടക്കന്‍ ബംഗാളിലും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്‌. യമുന നദിയിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ ഡല്‍ഹിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലാതായിട്ടുണ്ട്‌.

നദിയുടെ ജലനിരപ്പ് 208 മീറ്ററില്‍ താഴെയാണ് എത്തിയിരിക്കുന്നത്. ഹത്‌നി കുണ്ട് ഡാമില്‍ നിന്നും ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതാണ് ജലനിരപ്പ് താഴാന്‍ കാരണം. ഐടിഒ അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങി. വെള്ളക്കെട്ട് ഒഴിവാക്കാന്‍ സൈന്യത്തിന്റെ സേവനവും ഉപയോഗപെടുത്തുന്നുണ്ട്. എന്നാല്‍ ജലനിരപ്പ് താഴ്ന്നുവെങ്കിലും സംസ്ഥാനത്തെ മഴ വിട്ടുനിന്നിട്ടില്ല. കനത്ത മഴ കണക്കിലെടുത്ത് ഇന്ന് ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, പ്രളയബാധിത ഹിമാചല്‍ പ്രദേശിന്റെ ദുരന്ത നിവാരണത്തിന് കേന്ദ്ര സഹായം അനുവദിച്ചു. 180 കോടി രൂപയാണ് കേന്ദ്ര വിഹിതമായി അനുവദിച്ചത്. സഹായം മുന്‍കൂറായി അനുവദിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച അംഗീകാരം നല്‍കി.

Advertisements
Share news