KOYILANDY DIARY.COM

The Perfect News Portal

നിർത്തലാക്കിയ കോഴ്സുകൾ പുനസ്ഥാപിക്കുക: എസ്.എഫ്.ഐ. പ്രതിഷേധിച്ചു

 സംസ്‌കൃത സർവകലാശാലയുടെ പി. ജി റീ സ്ട്രക്ചറിംഗുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ നിർത്തലാക്കിയ എം എ വേദാന്ത കോഴ്‌സ് പുനരാരംഭിക്കുക, പിജി കോഴ്‌സ് എടുത്തുമാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, ഹിന്ദി പുനരാരംഭിക്കാനുള്ള സാധ്യതകൾ പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
കൊയിലാണ്ടി സെന്ററിൽ BA വേദാന്തം കോഴ്‌സ് നിലവിലുള്ള സാഹചര്യത്തിൽ പിജി കോഴ്‌സ് എടുത്തുമാറ്റുന്നത് തികച്ചും വിദ്യാർത്ഥി വിരുദ്ധമായ നിലപാടാണ്. ഇത് കൊയിലാണ്ടി സെൻ്ററിൻ്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണ്. ഇതിനുപുറമെ കൊയിലാണ്ടി സെന്ററിൽ നിലവിലുണ്ടായിരുന്ന എം എ. ഹിന്ദി ഒഴിവാക്കുകയുണ്ടായി.
കാലിക്കറ്റ് സർവ്വകലാശാലയുടെ പിജി പ്രവേശനത്തിന് മുൻപ് അഡ്മിഷൻ നടക്കുകയും റാങ്ക് ലിസ്റ്റിൽ മുകളിൽ ഉണ്ടായിരുന്ന കുട്ടികൾ അഡ്മിഷൻ എടുത്ത ശേഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം ലഭിച്ചപ്പോൾ ടിസി വാങ്ങുകയും ചെയ്തപ്പോഴാണ് മുൻവർഷങ്ങളിൽ ഹിന്ദിഎം എ കോഴ്‌സിന് സ്‌ട്രെങ്ത് കുറഞ്ഞത്. അഡ്മിഷൻ പ്രക്രിയ പ്രായോഗികമായ രീതിയിൽ പരിഷ്കരിച്ചാൽ ഹിന്ദി വിഭാഗത്തിൽ പഠിക്കുവാൻ കോഴിക്കോട് കണ്ണൂർ ജില്ലകളിൽ നിന്ന് നിരവധി വിദ്യാർത്ഥികളെ പ്രാദേശിക കേന്ദ്രത്തിൽ ലഭ്യമാകും. 
റീ സ്‌ട്രക്ചറിംഗിൽ സർവകലാശാല കൊയിലാണ്ടിയിലേക്ക് പുതുതായി അനുവദിച്ച ഫിലോസഫി കോഴ്‌സ് അഡ്മിഷൻ കുറവായതിനാൽ തുടങ്ങും മുൻപ് ഒഴിവാക്കുന്ന അവസ്ഥയും നിലവിലുണ്ട്. ഫിലോസഫി റാങ്ക് ലിസ്റ്റിന്റെ എണ്ണം പരിശോധിച്ചാൽതന്നെ കാലടി മുഖ്യ കേന്ദ്രത്തിൽ ഒഴികെ മറ്റെങ്ങും കോഴ്‌സ് നടത്താനുള്ള വിദ്യാർത്ഥികളെ ലഭിക്കില്ല എന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി സിദ്ധാര്‍ഥ്, പ്രസിഡണ്ട് അനൈന, ഏരിയ കമ്മിറ്റി അംഗം അഭിജിത്ത് എന്നിവര്‍ സമരത്തിന് നേതൃത്വം നൽകി.
Share news