നാല് സുപ്രധാന പദ്ധതികള്‍ സമയബന്ധിതമായി യാഥാര്‍ഥ്യമാക്കുന്നതിനുള്ള കര്‍മ പരിപാടികള്‍ക്ക് മന്ത്രിസഭാ യോഗം രൂപം നല്കി
തിരുവനന്തപുരം : സമ്പൂര്‍ണ പാര്‍പ്പിടം, ഹരിത കേരളം, വിദ്യാഭ്യാസ ശാക്തീകരണം, ജനസൌഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍ എന്നീ നാല് സുപ്രധാന പദ്ധതികള്‍ സമയബന്ധിതമായി യാഥാര്‍ഥ്യമാക്കുന്നതിനുള്ള കര്‍മ പരിപാടികള്‍ക്ക് മന്ത്രിസഭാ യോഗം രൂപം നല്കി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനും അവരെക്കൂടി വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമാണ് ഈ പദ്ധതികളിലുടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നാല് പദ്ധതികളും നടപ്പാക്കുന്നതിന് സംസ്ഥാന തലത്തില്‍ മിഷനും ടാസ്ക് ഫോഴ്സും രൂപീകരിച്ചു. ജില്ലാ തലത്തിലും തദ്ദേശസ്ഥാപന തലത്തിലും മിഷനും ടാസ്ക് ഫോഴ്സും പ്രവര്‍ത്തിക്കും.
മിഷനുകളുടെ അധ്യക്ഷന്‍ മുഖ്യമന്ത്രിയായിരിക്കും. നിര്‍വഹണ വകുപ്പിന്റെ മന്ത്രിമാര്‍ ഉപ അധ്യക്ഷന്മാരും മറ്റ് ബന്ധപ്പെടുന്ന വകുപ്പുകളുടെ മന്ത്രിമാര്‍ സഹ അധ്യക്ഷന്മാരുമായി പ്രവര്‍ത്തിക്കും. പ്രതിപക്ഷ നേതാവ് എല്ലാ മിഷനുകളുടെയും പ്രത്യേക ക്ഷണിതാവാകും. നാല് പദ്ധതികളുടെയും പ്രവര്‍ത്തനത്തിനായി രൂപീകരിക്കുന്ന മിഷനുകളുടെയും ഏകോപനത്തിന് സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റി രൂപീകരിച്ചു. ചീഫ് സെക്രട്ടറിക്കാണ് ഇതിന്റെ ഏകോപന ചുമതല. മിഷന് സംബന്ധിച്ച തീരുമാനങ്ങളെടുക്കുകയും മന്ത്രിസഭയുടെ അംഗീകാരം തേടേണ്ടരീതിയില് തയ്യാറാക്കുകയും ചെയ്യുകയെന്നതാണ് എംപവേര്‍ഡ് കമ്മിറ്റിയുടെ ചുമതല. സമയബന്ധിതമായി അനുമതി നല്‍കാനും സുഗമമായ നടത്തിപ്പ് ഉറപ്പാക്കാനും ഏകജാലക സംവിധാനമായി എംപവേര്‍ഡ് കമ്മിറ്റി പ്രവര്‍ത്തിക്കും. എംപവേര്‍ഡ് കമ്മിറ്റിക്ക് ആവശ്യമായ പിന്തുണ ഐഎംജി ഒരുക്കും.

നവംബര്‍ ഒന്നിനകം പദ്ധതി റിപ്പോര്‍ട്ട് മന്ത്രിസഭയുടെ അംഗീകാരം നേടും. മിഷനുകളുടെയും ടാസ്ക് ഫോഴ്സുകളുടെയും പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമതയും ഫലപ്രാപ്തിയും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. അതത് മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച പൊഫഷണലുകള്, സര്‍ക്കാര്‍ ജീവനക്കാര്‍, വിരമിച്ച പരിചയ സമ്പന്നരായ ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്നായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ ടീം ഉണ്ടാക്കും. ഇവര്‍ക്ക് കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വിദഗ്ധ പരിശീലനം നല്‍കും. ഇതിനുള്ള നടപടി ക്രമങ്ങളും നവംബര്‍ ഒന്നിനകം പൂര്‍ത്തിയാക്കും.

വിദ്യാഭ്യാസ ശാക്തീകരണം

മൂന്ന് ഉപഘടകങ്ങളിലായാണ് വിദ്യാഭ്യാസ നവീകരണ പദ്ധതി നടപ്പാക്കുന്നത്. 1000 സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്റര്‍ നാഷണല്‍ സ്കൂളുകളാക്കുകയെന്ന ബജറ്റ് പ്രഖ്യാപനം നടപ്പാക്കല്‍, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഒമ്പതുമുതല്‍ 12 വരെ എല്ലാ ക്ളാസ് റൂമുകളും ഹൈടെക് ആക്കല്‍, ഒന്നു മുതല്‍ എട്ടുവരെ ക്ളാസുകളില്‍ കാലോചിതമായ മാറ്റവും പ്രത്യേക പാക്കേജും ഇംഗ്ളീഷ് ഭാഷാ പ്രോത്സാഹനവും എന്നിവയാണ് ഈ മൂന്നു ഘടകങ്ങള്‍. ഇതിന് പുറമെ ഉന്നത വിദ്യാഭ്യാസമേഖലയുടെ സമഗ്ര വികസനത്തിന് പ്രത്യേക പദ്ധതിക്ക് രൂപം നല്‍കും.
സമ്പൂര്‍ണ പാര്‍പ്പിടം
എല്ലാ ഭൂരഹിത–ഭവനരഹിത കുടുംബങ്ങള്‍ക്കും അഞ്ചുവര്‍ഷം കൊണ്ട് വീടും ഒപ്പം തൊഴില്‍ചെയ്ത് ഉപജീവനം നടത്താനും സേവന–ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കാനും സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി ലക്ഷ്യമിടുന്നു. പാര്‍പ്പിട സമുച്ചയം ഉള്‍പ്പെടെയാണ് ലക്ഷ്യം. ഇതിനായി സംസ്ഥാന പാര്‍പ്പിട മിഷനും ടാസ്ക് ഫോഴ്സും പ്രവര്‍ത്തിക്കും. ഭൂമി ലഭ്യത, വിഭവ സമാഹരണം, ഗുണഭോക്താക്കളുടെ മാനദണ്ഡം നിശ്ചയിക്കല്‍, മേല്‍നോട്ടം, പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ ആവിഷ്കരിക്കല് എന്നിവയാണ് മിഷന് ദൌത്യം.
ഹരിത കേരളം
ശുചിത്വം–മാലിന്യസംസ്കരണം, കൃഷിവികസനം, ജലസംരക്ഷണം എന്നീ മേഖലകളില്‍ ഊന്നല്‍ നല്കുന്ന ബൃഹത്തായ ഇടപെടലാണ് ഹരിത കേരളം കണ്സോര്ക്ഷ്യം മിഷന് വഴി ഉദ്ദേശിക്കുന്നത്. നിലവിലുള്ള ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കുന്നതുവഴി പുതിയ ജലസംസ്കാരം രൂപപ്പെടുത്തുന്നതിനാണ് ജലസംരക്ഷണ മിഷന്റെ ആദ്യ ഊന്നലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ജനസൌഹൃദ സര്‍ക്കാരാശുപത്രി
സര്‍ക്കാര്‍ ആശുപത്രികളെ ജനസൌഹൃദ ആശുപത്രികളാക്കുകയും പൊതുജനാരോഗ്യ രംഗം കുറ്റമറ്റതാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാകും ആര്‍ദ്രം– ആരോഗ്യമിഷന് പ്രവര്‍ത്തിക്കുക. മൂന്നു ഘട്ടങ്ങളിലായി പദ്ധതി പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ആശുപത്രികളിലാണ് ആദ്യഘട്ടം നടപ്പാക്കുക. തുടര്‍ന്ന് ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികള്‍, ഹോമിയോ, ആയുര്‍വേദ ആശുപത്രികള്‍ എന്നിവിടങ്ങളിലും പിന്നീട് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും. ഓരോ പ്രാഥമികാരോഗ്യ കേന്ദ്രത്തെയും നേരിട്ട് ഓരോ കുടുംബവുമായി ബന്ധപ്പെടുത്തും.



