KOYILANDY DIARY.COM

The Perfect News Portal

വിവാഹദിനത്തില്‍ വധുവിന്റെ അച്ഛനെ മര്‍ദിച്ച് കൊന്നു

തിരുവനന്തപുരം: വര്‍ക്കല വടശേരിക്കോണത്ത് വിവാഹദിനത്തില്‍ വധുവിന്റെ അച്ഛനെ മര്‍ദിച്ച് കൊലപ്പെടുത്തി. വധുവിനെ തേടിയെത്തിയ അക്രമികളാണ് അച്ഛനെ  കൊലപ്പെടുത്തിയത്. വടാശേരികോണം സ്വദേശി രാജു(61)വാണ് കൊല്ലപ്പെട്ടത്.

രാജുവിന്റെ മകൾ ശ്രീലക്ഷ്മിയെ വിവാഹം ആലോചിച്ച കേസിലെ മുഖ്യപ്രതിയായ ജിഷ്ണുവിന്റെ വീട്ടുകാര്‍ നേരത്തെ എത്തിയിരുന്നു. എന്നാല്‍ രാജുവും വീട്ടുകാരും ഇതിനോട് യോജിച്ചില്ല. ശ്രീലക്ഷ്മിക്ക്  മറ്റൊരു വിവാഹം ഉറപ്പിക്കുയും ചെയ്തു.  ഇതിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം നടക്കേണ്ടത്.

ചൊവ്വാഴ്ച രാത്രിയോടെ വിവാഹതലേന്നിലെ സത്ക്കാരം കഴിഞ്ഞ് അയല്‍വാസികള്‍ എല്ലാം പോയി ബന്ധുക്കള്‍ മാത്രമുള്ളപ്പോഴാണ് അക്രമികൾ എത്തിയത്. ജിഷ്ണു, സഹോദരന്‍ ജിജിന്‍, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവര്‍ വീട്ടിലെത്തിയത്. ശ്രീലക്ഷ്മിയെയാണ് ഇവര്‍ ആദ്യം ആക്രമിച്ചത്. നിലത്തുവീണ മകളെ രക്ഷിക്കാന്‍ പിതാവ് രാജു ശ്രമിച്ചപ്പോള്‍ അദ്ദേഹത്തെയും ആക്രമിക്കുകയായിരുന്നു.

Advertisements

വിവാഹ ആലോചന നിരസിച്ചപ്പോള്‍ തന്നെ ഇവര്‍ ഭീഷണിമുഴക്കിയിരുന്നതായി പറയുന്നു.  കൊല്ലപ്പെട്ട രാജു ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുക ആയിരുന്നു ഇദ്ദേഹം. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ സ്ഥിരമാക്കിയവരാണ് ആക്രമണത്തിന് പിന്നിലെന്ന്  രാജുവിന്റെ സഹോദരി ഭര്‍ത്താവ് പറഞ്ഞു.

 

Share news