കൊടുങ്ങല്ലൂർ അഞ്ചാംപരത്തിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കളിമൺ കിണർ കണ്ടെത്തി

കൊടുങ്ങല്ലൂർ: അഞ്ചാംപരത്തിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കളിമൺ കിണർ കണ്ടെത്തി. ശ്രീനാരായണപുരം അഞ്ചാംപരത്തിയിൽ പൂവത്തും കടവിൽ അധ്യാപകനായ പാർഥസാരഥിയുടെ വീട്ടുവളപ്പിലാണ് കിണർ കണ്ടെത്തിയത്. മാലിന്യം കുഴിച്ചുമൂടാൻ പറമ്പിൽ കുഴിയെടുക്കുമ്പോഴാണ് കിണർ ശ്രദ്ധയിൽപ്പെട്ടത്. ഭൂനിരപ്പിൽനിന്ന് ഏഴടി താഴ്ചയിലാണ് അധികം കേടുപാടുകൾ സംഭവിക്കാത്ത നിലയിൽ കിണർ കണ്ടത്. വിവരം നൽകിയതിനെത്തുടർന്ന് പുരാവസ്തു സംഘം സ്ഥലത്തെത്തി കിണർ പരിശോധിച്ചു.

ആയിരത്തിലധികം വർഷങ്ങളുടെ പഴക്കം കിണറിനുണ്ടെന്നാണ് പ്രാഥമിക നിഗമനം. ചേര സാമ്രാജ്യകാലഘട്ടത്തിലെ തൃക്കണാമതിലകം ഉൾക്കൊള്ളുന്ന പ്രദേശമാണ് കിണർ കണ്ടെത്തിയ അഞ്ചാം പരത്തി. ഇലവഞ്ചിക്കുളത്തുനിന്ന് പ്രാചീന സ്തൂപങ്ങൾ മുമ്പ് കണ്ടെത്തിയിരുന്നു. ബുദ്ധപ്രതിമയും നന്നങ്ങാടികളും ഈ പ്രദേശങ്ങളിൽനിന്ന് ലഭിച്ചിരുന്നു. എം ആർ രാഘവ വാര്യർ, ഇ ടി ടൈസൺ എംഎൽഎ എന്നിവർ കിണർ സന്ദർശിച്ചു.
