KOYILANDY DIARY.COM

The Perfect News Portal

സുരേന്ദ്രന്റെ ” യാഗം ” ബിജെപിയിൽ ആളിക്കത്തുന്നു; ചെലവായത്‌ 3 കോടിയിലേറെ

തെരഞ്ഞെടുപ്പിൽ ജയിക്കാൻ കെ. സുരേന്ദ്രൻ നടത്തിയ ”യാഗ”ത്തിന് 3 കോടി.. സംഭവം ബിജെപിയിൽ ആളിക്കത്തുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനാണ് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ‘യാഗം’ ബിജെപിയിൽ ആളിക്കത്തുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന്റെ സാന്നിധ്യത്തിൽ കോഴിക്കോടു ചേർന്ന യുവമോർച്ച പഠനശിബിരത്തിൽ യാഗം ചർച്ചയായി. പ്രവർത്തനം നടത്താതെ യാഗംകൊണ്ട് എന്ത് കാര്യമെന്നായിരുന്നു സുരേന്ദ്രൻ വിരുദ്ധ പക്ഷത്തിന്റെ ചോദ്യം. കൊല്ലത്ത്‌ കെ സുരേന്ദ്രൻ വിരുദ്ധരുടെ കൂട്ടായ്‌മയായ അടൽജി ഫൗണ്ടേഷന്റെ നേതൃത്വത്തിലും യാഗത്തിനെതിരെ പ്രചാരണം സജീവമാണ്‌.

തൃശൂരിലെ പാഞ്ഞാൾ തോട്ടത്തിൽ മനയിൽ മെയ്‌ 12 മുതൽ 18 വരെയായിരുന്നു ‘മഹാകിരാതരുദ്രയജ്ഞ’ത്തിന്റെ ഭാഗമായ ‘സഹസ്ര ചണ്ഡികയാഗം’. എല്ലാ വർഷവും നടക്കാറുള്ള ചടങ്ങുകളിൽനിന്ന്‌ വ്യത്യസ്‌തമായി മൂന്നു കോടിയിലേറെ രൂപ ചെലവഴിച്ച്‌, കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ സുബ്രഹ്‌മണ്യ അഡിക  ഉൾപ്പെടെ 160 പുരോഹിതരുടെ കാർമികത്വത്തിലാണ്‌ യാഗം നടന്നത്‌.

കെ സുരേന്ദ്രൻ ആദ്യാവസാനം പങ്കെടുത്തു. ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡണ്ട് ഡോ. കെ എസ്‌ രാധാകൃഷ്‌ണൻ, ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ, സെക്രട്ടറി എ നാഗേഷ്‌, വി വി രാജേഷ്‌, യുവമോർച്ചാ സംസ്ഥാന പ്രസിഡണ്ട് സി ആർ പ്രഫുൽ കൃഷ്‌ണൻ, കെ വി എസ്‌ ഹരിദാസ്‌ എന്നിവരെ കൂടാതെ  ചില വമ്പൻ വ്യവസായികളും യാഗത്തിനെത്തി. ബിജെപി അഖിലേന്ത്യാ സെക്രട്ടറി അരവിന്ദ്‌ മേനോനും ഒരുദിവസം പങ്കെടുത്തു.

Advertisements
Share news