KOYILANDY DIARY.COM

The Perfect News Portal

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കെട്ടിടത്തില്‍ തീപിടിത്തം.

അമ്പലപ്പുഴ: കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കെട്ടിടത്തില്‍ തീപിടിത്തം. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ബ്ലീച്ചിങ് പൗഡര്‍ കത്തി നശിച്ചു. വണ്ടാനം ഗവ.ടി ഡി മെഡിക്കല്‍ കോളേജിന് പടിഞ്ഞാറ് പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ ശനിയാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് തീപിടുത്തമുണ്ടായത്.

ഗോഡൗണിന് 10 മീറ്ററോളം അകലെയുള്ള കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന ബ്ലീച്ചിങ് പൗഡറിലാണ് തീ പിടിത്തമുണ്ടായത്. രണ്ടു മുറികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ ഉടന്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നെത്തിയ മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് തീയണക്കുകയായിരുന്നു. 29000 കിലോഗ്രാം ബ്ലീച്ചിങ് പൗഡര്‍ കത്തിനശിച്ചു. തീ ആളിപ്പടര്‍ന്നതോടെ സമീപത്തെ മരുന്നുകള്‍ സൂക്ഷിച്ചിരുന്ന വലിയ വെയര്‍ ഹൗസിലെ 7 എ സി യുടെ ഔട്ടറും കത്തി നശിച്ചു. എന്നാല്‍ മരുന്നിന് നാശ നഷ്ടമുണ്ടായിട്ടില്ലന്ന് സ്ഥലം സന്ദര്‍ശിച്ച മാനേജിങ് ഡയറക്ടര്‍ ഡോ.ഷിബുലാല്‍ പറഞ്ഞു.


15 ലക്ഷം രൂപയുടെ ബ്ലീച്ചിങ് പൗഡറാണ് കത്തി നശിച്ചത്. എ സി ഔട്ടര്‍, മറ്റു നാശനഷ്ടങ്ങള്‍ ഉള്‍പ്പടെ 18.5 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായും എം ഡി പറഞ്ഞു. രണ്ടു ദിവസം മുമ്പ് ഗോഡൗണില്‍ ഫയര്‍ ഓഡിറ്റിംഗ് നടത്തിയിരുന്നു. വര്‍ധിച്ച ചൂടാകാം തീ പിടുത്തത്തിന് കാരണമായതെന്ന് കരുതുന്നു. മരുന്ന് ഗോഡൗണിലേക്ക് തീ പടര്‍ന്നെങ്കിലും ഓട്ടോമാറ്റിക് സംവിധാനം പ്രവര്‍ത്തിച്ചതിനാല്‍ വലിയ നാശനഷ്ടമാണ് ഒഴിവായത്.
പുന്നപ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Share news