KOYILANDY DIARY.COM

The Perfect News Portal

ഡോ. വന്ദന ദാസ് കൊലക്കേസിൽ സന്ദീപിനെ എത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായി

ഡോ. വന്ദന ദാസ് കൊലക്കേസിൽ സന്ദീപിനെ എത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായി. രണ്ട് ഇടങ്ങളിലായിരുന്നു തെളിവെടുപ്പ്. ചെറുകര കോണത്തെ സന്ദീപിൻ്റെ വീട്ടിലും, സുഹൃത്തിൻ്റെ വീട്ടിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സന്ദീപ് പൊലീസിനെ വിളിച്ചു വരുത്തിയ ചെറുകര കോണത്തെ ശ്രീകുമാറിൻ്റെ വീട്ടിലായിരുന്നു ആദ്യ തെളിവെടുപ്പ്.

നിലവിൽ സന്ദീപ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി 5 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതിയ്ക്ക് വൈദ്യസഹായം നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു. സന്ദീപിനായി അഡ്വ.ബി ആളൂരാണ് കോടതിയിൽ ഹാജരായത്.

കഴിഞ്ഞ ദിവസം ഡോ വന്ദനദാസ് കൊലപതാക കേസിലെ പ്രതി സന്ദീപിനെ വീണ്ടും മാനസിക പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. സർക്കാർ നിർദേശ പ്രകാരം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. പേരൂർക്കട മനസികാരോഗ്യ കേന്ദ്രത്തിൽ ആയിരുന്നു പരിശോധന. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് വിദഗ്ദ്ധ സംഘം കണ്ടെത്തി. ഇതോടെ പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന ആദ്യ റിപ്പോർട്ട് വിദഗ്ദ്ധ സംഘവും ശരിവച്ചു. ലഹരിക്ക് അടിമപ്പെട്ടാണ് സന്ദീപ് കൊല നടത്തിയതെന്ന് വിലയിരുത്തൽ. കൊലപാതക സമയത്ത് മാരകമായ സിന്തറ്റിക് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്.

Advertisements
Share news