പ്രണയാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ പള്ളിയില്‍ പ്രാര്ത്ഥിച്ചുകൊണ്ടിരിക്കുന്നതിനിടയില് യുവാവ് വെട്ടിക്കൊലപ്പെടുത്തി. തൂത്തുക്കുടി ശാന്തി റോഡിലെ സെന്റ് പീറ്റേഴ്സ് ചര്‍ച്ചില്‍ ബുധനാഴ്ച രാവിലെ എട്ടരമണിയോടെയാണ് സംഭവം. പള്ളിയോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സ്കൂളിലെ അധ്യാപികയായ എന്‍. ഫ്രാന്‍സിനയാണ് (24) കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പ്രതിയായ ജെ. കീഗന്‍ ജോസ് ഗോമസിനെ (27) പിന്നീട് സ്വന്തംവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഫ്രാന്‍സിന പള്ളിയില്‍ പ്രാര്ത്ഥിക്കാനെത്തുന്നതും നോക്കി രാവിലെ മുതല്‍ കീഗന്‍ പള്ളി പരിസരത്ത് പതുങ്ങിനിന്നിരുന്നു. തുടര്‍ന്ന് ഫ്രാന്‍സിയ പള്ളിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ അരിവാള്‍കൊണ്ട് വെട്ടുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയവര്‍ ഫ്രാന്‍സിനയെ തൂത്തുക്കുടി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു.
പള്ളിയിലെ രണ്ട് ക്യാമറകളില്‍നിന്ന് ശേഖരിച്ച ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് തൂത്തുക്കുടി സൗത്ത് സ്റ്റേഷന് പോലീസ് കീഗന്‍ ജോസ് ഗോമസിനെ തേടി മാരകുടി സ്ട്രീറ്റിലെ വീട്ടിലെത്തിയപ്പോഴാണ് ഇയാളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

സെപ്തംബര്‍ ആദ്യ ആഴ്ചയിലായിരുന്നു ഫ്രാന്‍സിനയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനു മുന്നോടിയായി ജോലി രാജിവച്ച ഫ്രാന്‍സിന ബുധനാഴ്ചയോടെ സ്കൂള്‍ വിടാനിരിക്കുകയായിരുന്നു. കഴിഞ്ഞ ആറുമാസമായി ജോസ് ഗോമസ് പ്രണയാഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിനയുടെ പിന്നാലെ വരാറുണ്ടെന്ന് സുഹൃത്തുക്കളില്‍ ചിലര്‍ പറയുന്നു. വിവാഹം തീരുമാനിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

