KOYILANDY DIARY.COM

The Perfect News Portal

വാനന്തവാടി മണ്ഡലത്തിൽ മലയോര ഹൈവേയുടെ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു

മാനന്തവാടി: മണ്ഡലത്തിൽ മലയോര ഹൈവേയുടെ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. 25 ശതമാനത്തോളം പ്രവൃത്തിയും പൂർത്തിയായി. പണി ആരംഭിച്ച്‌ മാസങ്ങളാകുന്നതേയുള്ളൂ. ബോയ്‌സ് ടൗൺ മുതൽ മാനന്തവാടി ഗാന്ധി പാർക്ക് വരെ 13 കിലോമീറ്ററും ഗാന്ധി പാർക്ക് മുതൽ പച്ചിലക്കാട് വരെ 19.5 കിലോമീറ്ററും  വാളാട് മുതൽ കുങ്കിച്ചിറവരെ 10 കിലോമീറ്ററിലുമാണ്‌ പ്രവൃത്തി. ബോയ്‌സ് ടൗൺ മുതൽ മാനന്തവാടിവരെയുള്ള പാതയിൽ 25 കലുങ്കുകളും 3.1 കിലോമീറ്റർ ഡ്രെയ്‌നേജും പൂർത്തീകരിച്ചു.
10 കിലോമീറ്റർ ടാറിങ്ങുമായി. മാനന്തവാടി മുതൽ പച്ചിലക്കാട് വരെ 12 കൾവർട്ടുകളും അഞ്ച്‌  കിലോമീറ്ററോളം ടാറിങ്ങുമായി അഞ്ച്‌ കിലോമീറ്റർ ഡ്രെയ്‌നേജും പൂർത്തീകരിച്ചു. അടങ്കലിന്‌ പുറത്ത്‌ രണ്ട് ചെറിയ പാലങ്ങളും കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നിർമിക്കുന്നുണ്ട്‌. മാനന്തവാടി നഗരസഭ, തവിഞ്ഞാൽ, തൊണ്ടർനാട്, എടവക, വെള്ളമുണ്ട, പനമരം പഞ്ചായത്തിലൂടെയുമാണ്‌ മലയോര ഹൈവേ കടന്നുപോകുന്നത്. കിഫ്ബിയിൽ 106 കോടി രൂപ മുടക്കിയാണ് നിർമാണം. തടസ്സം കൂടാതെ പ്രവൃത്തികൾ പൂർത്തിയാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ എംഎൽഎ ഒ ആർ കേളു പറഞ്ഞു.
Share news