KOYILANDY DIARY.COM

The Perfect News Portal

വയനാട്‌ വനമേഖലയിൽ പ്രത്യേക കടുവാ സെൻസസ്‌

വയനാട്‌: ദേശീയ കടുവാ സെൻസസ്‌ റിപ്പോർട്ട്‌ വന്നതിന്‌ പിന്നാലെ വയനാട്‌ വനമേഖലയിൽ സംസ്ഥാന വനംവകുപ്പ്‌ നടത്തുന്ന പ്രത്യേക സെൻസസ്‌ ചൊവ്വാഴ്‌ച മുതൽ. വയനാട്ടിൽ കടുവാക്രമണം വർധിച്ച സാഹചര്യത്തിലാണ്‌ പ്രത്യേക സെൻസസ്‌. വയനാട്‌ വന്യജീവി സങ്കേതം,  നോർത്ത്‌ വയനാട്‌, സൗത്ത്‌ വയനാട്‌ വനം ഡിവിഷനുകൾ, ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങൾ, കണ്ണൂർ വനം എന്നിവയുൾപ്പെടുന്ന മേഖലയിലാണ്‌ കണക്കെടുപ്പ്‌. വനങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചുകഴിഞ്ഞു. ചൊവ്വ മുതൽ 45 ദിവസം നീളുന്നതാണ്‌ സെൻസസ്‌.

ഞായറാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തുവിട്ട 2022ലെ ദേശീയ കടുവാ സെൻസസ്‌ റിപ്പോർട്ടിൽ പറയുന്നത്‌ നീലഗിരി ജൈവ മണ്ഡലത്തിലും അതിന്റെ ഭാഗമായ വയനാട്ടിലും കടുവകളുടെ എണ്ണം കുറഞ്ഞെന്നാണ്‌.  ഇത്‌ അവിശ്വസനീയമാണെന്നാണ്‌ പൊതുവെയുള്ള വികാരം. ജില്ലയിൽ കടുവാക്രമണങ്ങൾ ഏറ്റവും കൂടിയ വർഷങ്ങളാണ്‌ കടന്നുപോയത്‌. ഇപ്പോഴും ശല്യം രൂക്ഷമാണ്‌. തിങ്കളാഴ്‌ചയും ജനവാസ കേന്ദ്രത്തിൽ കടുവ കൂട്ടിലായി. മനുഷ്യരെവരെ കടുവ കൊന്നുതിന്നുകയാണ്‌.

വയനാടൻ കാടുകളിൽ കടുവകളുടെ എണ്ണം വർധിച്ചെന്നായിരുന്നു  വനംവകുപ്പിന്റെ നിഗമനം. കടുവകൾ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്‌ എണ്ണം കൂടിയതുകൊണ്ടാണെന്നായിരുന്നു  ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ വിലയിരുത്തൽ. എന്നാൽ നേർവിപരീത റിപ്പോർട്ടാണ്‌ ദേശീയ കടുവാ സെൻസസിലുള്ളത്‌. കടുവയുടെ ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ്‌ വയനാട്‌ വനമേഖലക്ക്‌ മാത്രമായി സെൻസസ് നടത്താൻ വനംവകുപ്പ്‌ നേരത്തെ തീരുമാനിച്ചത്‌. കണക്കെടുപ്പ്‌ ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പാണ്‌ ദേശീയ കടുവാ സെൻസസ്‌ റിപ്പോർട്ട്‌ പുറത്തുവന്നത്‌.
ഉൾവനങ്ങളിൽ 280 കേന്ദ്രങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചാണ്‌ വനംവകുപ്പിന്റെ കണക്കെടുപ്പ്‌. ഒരാഴ്‌ചമുമ്പ്‌ ക്യാമറകൾ സ്ഥാപിച്ചുതുടങ്ങിയതാണ്‌. ഇത്‌ പൂർത്തിയാക്കിയാണ്‌ സെൻസസ്‌ ആരംഭിക്കുന്നത്‌.   ഓരോ ക്യാമറകളും ക്യത്യമായ ഇടവേളകളിൽ വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിച്ച്‌ റിപ്പോർട്ട്‌ തയ്യാറാക്കും. വന്യജീവി സങ്കേതം വാർഡൻമാർക്കും ഡിവിഷണൽ ഫോറസ്‌റ്റ്‌ ഓഫീസർമാർക്കുമാണ്‌ സെൻസസിന്റെ ചുമതല.

 

 

Share news