KOYILANDY DIARY.COM

The Perfect News Portal

തട്ടിക്കൊണ്ടു പോയ പ്രവാസിയുടെ മൊബൈൽ ഫോൺ കരിപ്പൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

താമരശേരിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ പ്രവാസിയുടെ മൊബൈൽ ഫോൺ കരിപ്പൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അക്രമി സംഘം സഞ്ചരിച്ച വാഹനത്തിൻ്റെ നമ്പർ വ്യാജമാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംഘം വയനാടും കരിപ്പൂരും എത്തിയതായി വ്യക്തമായിരുന്നു. എന്നാൽ, കരിപ്പൂരിൽ നിന്ന് ഇവർ എവിടേക്ക് പോയി എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

കേസിലെ പ്രതികളുടെ രേഖാ ചിത്രം ഇന്ന് പുറത്തു വിട്ടേക്കുമെന്നാണ് സൂചന. ഷാഫിക്കൊപ്പം അക്രമികൾ തട്ടിക്കൊണ്ടു പോയി വഴിയിൽ ഉപേക്ഷിച്ച ഷാഫിയുടെ ഭാര്യ സനിയയുടെ സഹായത്തോടെയാണ് രേഖാചിത്രം തയ്യാറാക്കുന്നത്. അക്രമികളിൽ രണ്ടു പേർ മുഖാവരണം ധരിച്ചിരുന്നില്ലെന്നും ഇതിൽ ഒരാൾ സംഭവത്തിന് രണ്ട് ദിവസം മുമ്പ് ഷാഫിയെ അന്വേഷിച്ച് വീട്ടിൽ എത്തിയിരുന്നതായും ഭാര്യ പറഞ്ഞിരുന്നു. കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.

പരപ്പൻ പോയിൽ സ്വദേശി നിസാർ, പൂനൂർ നേരോത്ത് സ്വദേശി അജ്നാസ് എന്നിവരാണ് കേസിൽ പിടിയിലായത്. ഷാഫിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. താമരശേരി പരപ്പൻപൊയിലിലെ വീട്ടിൽ നിന്ന് വെള്ളിയാഴ്ചയാണ് ഷാഫിയെയും ഭാര്യ സനിയയെയും നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്.

Advertisements

 

Share news