KOYILANDY DIARY.COM

The Perfect News Portal

മാതാവ് ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിന് പോലീസ് രക്ഷകരായി

മാതാവ് ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിന് പോലീസ് രക്ഷകരായി. ആറന്മുള സ്വദേശിനിയായ യുവതി വീട്ടില്‍ നിന്ന് പ്രസവിച്ചതിന് പിന്നാലെ അമിതരക്തസ്രാവമുണ്ടായതിനെ തുടർന്ന് ചെങ്ങന്നൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയെത്തുകയായിരുന്നു. ആശുപത്രി അധികൃതര്‍ കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കുഞ്ഞ് മരിച്ചെന്നായിരുന്നു പറഞ്ഞത്. തുടർന്നുള്ള യുവതിയുടെ പരസ്പര വിരുദ്ധമായ മറുപടിയിൽ നിന്നും സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറിയിച്ചു.

തുടര്‍ന്ന് ചെങ്ങന്നൂരിൽ പോലീസ് യുവതിയുടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ നവജാതശിശുവിനെ കണ്ടെത്തിയത്. യുവതിയുടെ വീട്ടിലെത്തിയ പോലീസ് സംഘത്തിന് ആദ്യം കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് വീട്ടിലുണ്ടായിരുന്ന ബക്കറ്റില്‍ നിന്ന് കരച്ചിലും ബക്കറ്റിലെ അനക്കവും പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. പരിശോധിച്ചതോടെ ബക്കറ്റിനുള്ളില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.

ഉടന്‍തന്നെ പോലീസ് സംഘം കുഞ്ഞിനെയും എടുത്ത് പോലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ അമ്മയും കുഞ്ഞും തീവ്രപരിചരണ വിഭാഗത്തിലാണ് ഇരുവരും അപകടനില തരണം ചെയ്‌തെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതി ഗര്‍ഭിണിയായ വിവരം ആരെയും അറിയിച്ചിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. തുടര്‍ന്ന് മറ്റാരുമറിയാതെ യുവതി വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നു.

Advertisements
Share news