സെല്ലി കീഴൂർ എഴുതിയ കവിത ” പഞ്ചാരമണൽ”
സെല്ലി കീഴൂരിൻ്റെ കവിത
     ” പഞ്ചാരമണൽ”
ഓർമ്മകളിൽ ബാല്യത്തിൻ്റെ 
ഏണി ചാരിവെച്ചിട്ടുണ്ട്
ചക്ക ചേണി മണക്കുന്ന
ചക്കക്കാലം മൂക്കിനെ ത്രസിപ്പിച്ചു
കടന്നു പോയി
കീഴൂരു സ്ക്കൂളിലെ
വറ്റൽ മുളകിട്ട് വറവിട്ട ചെറുപയറും ചോറും 
നാസാരന്ധ്രങ്ങളെ സജീവമാക്കുന്നുണ്ട്
മൂക്കിള പിഴിയുമ്പോൾ  ഊർന്നു
പോവുന്ന ട്രൗസറിനുമുണ്ട്
ബാല്യത്തിൻ്റെ കഥ പറയാൻ
മദറസയിലെ നേർച്ച ചോറ്
വായിൽ കപ്പലോടിക്കുന്നുണ്ട്
കാവുതേരി കോണിയിൽ നിന്ന്
ഊർന്നിറങ്ങിയ ബാല്യം
പിഞ്ഞു പോയ ട്രൗസറിനെ ഓർമ്മിക്കുന്നുണ്ട്
മീറങ്ങാടി ചിരുതേച്ചിയുടെ കണ്ടത്തിൽ
നിന്നും റോഡിലെ
പഞ്ചാരമണലിൽ മഞ്ഞിൽ കുതിർന്ന്
കിടക്കുന്ന ഇലഞ്ഞിപ്പൂവിനുമുണ്ട്
ചെക്കനും പെണ്ണായി ചമഞ്ഞ
കഥ പറയാൻ…..
 സെല്ലി കീഴൂർ
സെല്ലി കീഴൂർ

 
                        

 
                 
                