KOYILANDY DIARY.COM

The Perfect News Portal

കൂടത്തായി കൊലപാതക കേസ്, ജോളിയുടെ ഹർജി ഹൈക്കോടതി തള്ളി

കൂടത്തായി കൊലപാതക കേസ്, ജോളിയുടെ ഹർജി ഹൈക്കോടതി തള്ളി. കേസിലെ മുഖ്യപ്രതി ജോളി ആദ്യഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്ന കേസിൽ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. നേരത്തെ കോഴിക്കോട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതി ജോളിയുടെ അപേക്ഷ തള്ളിയിരുന്നു. ഹർജി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
കേസിൽ തനിക്കെതിരെ പ്രോസിക്യൂഷൻ ഉന്നയിക്കുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യക്തമായ തെളിവുകളോ സാക്ഷി മൊഴികളോ ഇല്ലെന്നുമായിരുന്നു ജോളിയുടെ വാദം. റോയിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വിഷാംശത്തെക്കുറിച്ച് പറയുന്നില്ലെന്നും ഹർജിയിലുണ്ട്. എന്നാൽ വിഷം ഉള്ളിൽച്ചെന്നാണ് മരിച്ചതെന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരിയുടെ മകനും നിലവിലെ ഭർത്താവുമൊക്കെ നൽകിയ മൊഴികൾ ജോളിയുടെ പങ്കിനെക്കുറിച്ച് വലിയ സംശയം സൃഷ്ടിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.
2011 സെപ്റ്റംബർ 20 ന് സയനൈഡ് ഉള്ളിൽച്ചെന്നാണ് റോയ് തോമസ് കൊല്ലപ്പെട്ടതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരേ കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തിയെന്നാണ് ജോളിക്കെതിരെയുള്ള കേസ് ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് 2019 ജൂലൈയിൽ റോയിയുടെ സഹോദരൻ റോജോ വടകര റൂറൽ എസ്.പി ക്ക് പരാതി നൽകിയതിനെ തുടർന്നായിരുന്നു അന്വേഷണം ആരംഭിച്ചത്.
Share news