പിവി സിന്ധുവിന് ഹൈദരാബാദ് വിമാനത്താവളത്തില്‍ ഉജ്വല വരവേല്‍പ്പ്

ഹൈദരാബാദ്: വന്‍ സംഘവുമായി പോയി വന്ന ഇന്ത്യന്‍ ടീമിന്റെ തലതാഴ്ത്താതെ റിയോ ഒളിന്പിക്സില്‍ പിടിച്ചു നിര്‍ത്തിയ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന് ഹൈദരാബാദ് വിമാനത്താവളത്തില്‍ ഉജ്വല വരവേല്‍പ്പ്. ബാഡ്മിന്റണില്‍ വെള്ളി നേടി ഇന്ത്യയുടെ അഭിമാന സ്തംഭമായി മാറിയ പി വി സിന്ധുവിന് ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നൂറു കണക്കിന് ആരാധകരാണ് അഭിനന്ദനം അര്‍പ്പിച്ചത്.
ഗെയിംസില്‍ ആദ്യമായി വെള്ളി കുറിച്ച ഇന്ത്യന്‍ വനിതയെ പൂക്കളും ഷാളുകളും സമ്മാനിക്കുകയും സെല്‍ഫിയെടുക്കുകയും ചെയ്യാന്‍ ആരാധകര്‍ മത്സരിച്ചു. കോച്ച് ഗോപി ചന്ദിനൊപ്പമായിരുന്നു സിന്ധു എത്തിയത്. മുംബൈയില്‍ നിന്നും താരത്തെ കൊണ്ടുവരുന്നതിനായി തെലുങ്കാന സര്‍ക്കാര്‍ തുറന്ന ബസ് സജ്ജമാക്കിയിരുന്നു. ഇതിലൂടെ സിറ്റി സ്റ്റേഡിയത്തിലേക്കായിരുന്നു താരത്തിന്റെ വിജയ ഘോഷയാത്ര.

ഭിന്നത മറന്ന് ആന്ധ്രയുടേയും തെലുങ്കാനയുടേയും മുതിര്‍ന്ന മന്ത്രിമാരും വിമാനത്തവളത്തില്‍ എത്തിയിരുന്നു. ആന്ധ്രയിലെ വിജയവാഡക്കാരിയാണ് സിന്ധുവിന്റെ മാതാവ് വിജയ പിതാവ് പി വി രാമന് തെലുങ്കാനയിലെ അഡിലാബാദുകാരനും. രണ്ടു സംസ്ഥാനങ്ങളും സിന്ധുവിന് പുരസ്ക്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. തെലുങ്കാന സര്‍ക്കാര്‍ സിന്ധുവിന് അഞ്ചുകോടിയും ഹൈദരാബാദില്‍ താമസസ്ഥലവും ജോലിയും നല്‍കും. ആന്ധ്രാ സര്‍ക്കാര്‍ മുന്ന് കോടിയും ജോലിയും അമരാവതിയില്‍ താമസ സ്ഥലവുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. സിന്ധുവിനെയും പരിശീലകന് ഗോപീചന്ദിനെയും ആദരിക്കാന ഗാച്ചിബൗളി സ്റ്റേഡിയമാണ് തെലുങ്കാന സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇവര്‍ക്കൊപ്പം പുരുഷ ബാഡ്മിന്റണില്‍ മികവ് കാട്ടിയ കിഡംബി ശ്രീകാന്തിനെയും ആദരിക്കുന്നുണ്ട്.

ഇതിനെല്ലാം പുറമെ സിന്ധുവിന് ബിഎംഡബ്ള്യൂ കാര്‍ സമ്മാനിക്കും. പുരസ്ക്കാരം സമ്മാനിക്കുന്നത് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറാണ്. ഒരു മണിക്കൂര്‍ 23 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ സ്പെയിന്റെ ഒന്നാം നന്പര്താരം സ്പെയിന്റെ കരോലിനാ മരിനോടായിരുന്നു സിന്ധു പരാജയപ്പെട്ടത്. ഒളിന്പിക്സില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ വനിതയായ സിന്ധു വെള്ളിമെഡല്‍ നേടുന്ന ആദ്യ വനിതാ താരമാണ്.

